28 February, 2023 02:05:25 PM
KSRTC വിദ്യാർത്ഥികളുടെ കൺസഷൻ നിയന്ത്രിക്കുന്നു. ഒരു വർഷം 130 കോടി ബാധ്യത
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസഷനിൽ നിയന്ത്രണമേർപ്പെടുത്തി കെഎസ്ആർടിസി. യാത്രാ ഇളവ് ഇനി മുതൽ 25 വയസ്സ് വരെയുള്ളവർക്ക് മാത്രമാകും. മാതാപിതാക്കള്‍ ഇന്‍കംടാക്സ് പരിധിയില്‍ വന്നാലും കണ്‍സഷനില്ല. സ്വാശ്രയ കോളജുകളിലെ ബിപിഎൽ പരിധിയിലുള്ളവർക്കു മാത്രമാകും ഇളവ്.
സ്വാശ്രയ കോളജുകളിലെയും അൺഎയ്ഡഡ് സ്കുളുകളിലെയും വിദ്യാർഥികൾക്ക് യാത്രാനിരക്കിന്‍റെ 30% ഡിസ്കൗണ്ടിൽ കൺസഷൻ കാർഡ് അനുവദിക്കും. 35% തുക വിദ്യാർഥിയും ബാക്കി 35% തുക മാനേജ്മെന്‍റും വഹിക്കണമെന്നാണു നിർദേശം.
സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾക്കും തൊഴിൽ പരിശീലന കേന്ദ്രങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾക്കും നിലവിലുള്ള കൺസഷൻ രീതി തുടരും. നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കു പൂർണമായി സൗജന്യയാത്രയാണ്; മറ്റു വിദ്യാർഥികൾക്കു സൗജന്യ നിരക്കുമാണ്.
വിദ്യാർഥികളുടെ സൗജന്യയാത്രയ്ക്കു മാത്രം വർഷം 130 കോടി രൂപ ബാധ്യത വരുന്നുവെന്നു കെഎസ്ആർടിസി പറയുന്നു. വിവിധ സൗജന്യങ്ങളുടെ ഭാഗമായി 2016 മുതൽ 2020 വരെ മൊത്തം 966.31 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നാണ് കണക്ക്. സ്വകാര്യബസുകളിൽ ഫെയർ സ്റ്റേജിന് ഒരു രൂപ നിരക്കിലാണ് വിദ്യാർഥികളുടെ നിരക്ക്. ഇത് വർധിപ്പിക്കണമെന്ന ആവശ്യത്തിലാണ് സ്വകാര്യബസുടമകൾ.