28 February, 2023 10:15:57 AM


ജല അതോറിറ്റിക്ക് റോഡ് കുത്തി പൊളിക്കാൻ ഇനി വർഷത്തിൽ നാല് മാസം മാത്രം അനുമതി



തിരുവനന്തപുരം: റോഡ് കുത്തിപ്പൊളിക്കാൻ ജല അതോറിറ്റിക്ക് ഇനി വർഷത്തിൽ നാല് മാസം. സെപ്റ്റംബർ മുതൽ ഡിസംബർ വരെ മാത്രമേ അനുമതി നൽകൂ എന്ന് പൊതുമരാമത്ത് സെക്രട്ടറിയുടെ ഉത്തരവ്. പൊതുമരാമത്ത് വകുപ്പ് പണി നടത്തിയ ഉടനെ റോഡ് കുത്തിപ്പൊളിക്കുന്നത് പതിവായതിനെത്തുടർന്നാണ് പഴയ ഉത്തരവ് പുതുക്കിയിറക്കിയത്. പൈപ്പ് ചോർച്ച പോലെയുള്ള അടിയന്തര ആവശ്യമുള്ള പണികൾക്ക് ഇളവ് നൽകുമെന്നും ഉത്തരവിലുണ്ട്. പണിതിട്ട് ഒരു വർഷമായ റോഡുകൾ പൊളിക്കരുതെന്ന ഉത്തരവും നിലവിലുണ്ട്. 
      
ജനുവരി മുതൽ മേയ്‌ വരെ പൊതുമരാമത്തിന്‍റെ ജോലികൾ നടക്കുന്നതുകൊണ്ടും ജൂൺ മുതൽ ഓഗസ്റ്റ് വരെ മഴക്കാലമായതിനാലുമാണ് ജല അതോറിറ്റിക്ക് സെപ്റ്റംബർ - ഡിസംബർ സമയം അനുവദിച്ചത്. ഭരണാനുമതിയുള്ളതും പണി നടന്നു കൊണ്ടിരിക്കുന്നതുമായ റോഡുകൾ പൊളിച്ചാൽ പൊതുമരാമത്ത് വകുപ്പ് നന്നാക്കും. ഇതിനായി ജല അതോറിറ്റി പണം കെട്ടിവെക്കണം. അതേസമയം, പണി നടക്കാത്തതും പരിപാലന കാലാവധിയുള്ളതുമായ റോഡുകൾ കുത്തിപ്പൊളിച്ചാൽ ജല അതോറിറ്റി തന്നെ അത് നേരെയാക്കണം. പരിപാലനവും ജല അതോറിറ്റി നിർവഹിക്കണം. ഏതു നിലവാരത്തിലുള്ള റോഡാണോ അതേപോലെ പണിപൂർത്തിയാക്കണം. ഇതിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കുകയും പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുകയും വേണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K