27 February, 2023 11:13:24 AM
സൗകര്യമില്ല; ഇ ഡിയുടെ ചോദ്യം ചെയ്യലിന് സി എം രവീന്ദ്രൻ ഹാജരായില്ല
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇ ഡി) മുന്‍പില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് ഇ ഡിയെ രവീന്ദ്രന്‍ അറിയിച്ചെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ഇ ഡി കഴിഞ്ഞ ദിവസം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയപ്പോളും രവീന്ദ്രന്‍ പലവട്ടം ഹാജരാകാതിരിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാവിലെ രവീന്ദ്രന്‍ എത്തിയിട്ടുണ്ട്.
ഇന്നു ഹാജരാകാത്തതിനാല്‍ ഇഡി തുടർന്നും നോട്ടിസ് നൽകും. മൂന്നു തവണ നോട്ടിസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇ ഡി നീങ്ങിയേക്കും. ഫ്ലാറ്റ് നിർമിക്കാൻ യുഎഇയിലെ റെഡ് ക്രസന്‍റ് സംഘടന കരാറുകാരായ യൂണിടാക്കിനു നൽകിയ 19 കോടി രൂപയിൽ 4.50 കോടി കോഴയായി നൽകിയെന്നാണ് ഇ ഡി കേസ്. കോഴ നൽകിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ തുടങ്ങിയവ അറിയാനാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.
സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രൻ സ്വീകരിച്ചിരുന്നത്. എന്നാൽ ഇവർ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങൾ ഇ ഡി ശേഖരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇ ഡി ചോദ്യം ചെയ്യാനിടയുണ്ട്. രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യംചെയ്യലിനു വിഷയമാകാം. കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെക്കുറിച്ചും ഇ ഡി ആരായാനിടയുണ്ട്.