25 February, 2023 05:12:34 PM
ചന്ദ്രനും വ്യാഴവും ശുക്രനും ഒരുമിച്ച്; അപൂര്‍വ ആകാശ കാഴ്ചയുടെ ചിത്രങ്ങൾ വൈറൽ
ന്യൂഡല്‍ഹി: ആകാശത്ത് വ്യാഴവും ശുക്രനും ചന്ദ്രനും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട അപൂര്‍വ കാഴ്ചയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറലാകുന്നു. ബുധനാഴ്ചയാണ് ഈ അപൂര്‍വ കാഴ്ചയ്ക്ക് ലോകം സാക്ഷിയായത്. പലരും ഈ കാഴ്ച ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വ്യാഴവും ശുക്രനും ചന്ദ്രനും ഒന്നിച്ചെത്തിയിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് നിരവധി പേര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
സൗരയൂഥത്തിലെ രണ്ട് ഗ്രഹങ്ങളായ വ്യാഴവും ശുക്രനും മാര്‍ച്ച് 1 ന് ഏറ്റവും അടുത്ത് വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവ പരസ്പരം അടുത്ത് വരികയാണെന്ന് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. 0.52 ഡിഗ്രി അകലമായിരിക്കും ഇവ തമ്മിലുണ്ടാകുക. ഈ ദിവസം ശുക്രന്‍ -4.0 തീവ്രതയില്‍ തിളങ്ങുമെന്നും വ്യാഴം -2.1 തീവ്രതയില്‍ ദൃശ്യമാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
ഫെബ്രുവരി 20 വരെയുള്ള കണക്കുകള്‍ പ്രകാരം ഇവ തമ്മിലുള്ള അകലം 29 ഡിഗ്രിയില്‍ നിന്ന് 10 ഡിഗ്രി വരെയായി കുറഞ്ഞിരുന്നു. ഇവ ഒരുമിച്ചെത്തുന്നതിനെക്കാള്‍ ഈ രണ്ട് ഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതാണ് ബഹിരാകാശ ശാസ്ത്രജ്ഞരെ അമ്പരപ്പെടുത്തിയത്.
അതേസമം 2023ലെ ആദ്യ സൂര്യഗ്രഹണം 2023 ഏപ്രില്‍ 20 വ്യാഴാഴ്ചയും രണ്ടാമത്തേത് 2023 ഒക്ടോബര്‍ 14 ശനിയാഴ്ചയും ദൃശ്യമാകും. ഇന്ത്യന്‍ ജ്യോതിഷ കലണ്ടര്‍ അനുസരിച്ച്, 2023 ഏപ്രില്‍ 20 നു നടക്കുന്ന സൂര്യഗ്രഹണം രാവിലെ 7:04 ന് ആരംഭിച്ച് ഉച്ചക്ക് 12:29 ന് അവസാനിക്കും. ഈ സൂര്യഗ്രഹണം ഇന്ത്യയില്‍ നിന്ന് കാണാന്‍ കഴിയില്ല. ഓസ്ട്രേലിയ, കിഴക്കന്‍ ഏഷ്യ, ദക്ഷിണേഷ്യ, പസഫിക് സമുദ്രം, അന്റാര്‍ട്ടിക്ക, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ ഈ സൂര്യഗ്രഹണം ദൃശ്യമാകും.