24 February, 2023 11:33:47 AM


വേതന വർധനവ്: സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സമരം ഒത്തുതീർപ്പിലായി



തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളയിൽ പാർട്ട് ടൈം സ്പെഷലിസ്റ്റ് ടീച്ചർമാരായി ജോലി ചെയ്തു വരുന്നവർ വേതന വർധനവ് ആവശ്യപ്പെട്ടുകൊണ്ട് നടത്തിവന്ന സമരം മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി.

സ്പെഷ്യലിസ്റ്റ് ടീച്ചർമാർക്ക് നിലവിൽ  വേതനമായി  10,000/- രൂപയും ആ തുകയുടെ 12% ഇ.പി.എഫ്-ഉം നൽകി വരികയായിരുന്നു. പ്രസ്തുത 10,000/- രൂപ 13,400/- രൂപയായി വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു. 13,400/- രൂപയുടെ 12% വരുന്ന 1608/- രൂപ ഇ.പി.എഫ്. (എംപ്ലോയർ കോൺട്രിബ്യൂഷൻ) ആയി നൽകുന്നതിനും തീരുമാനിച്ചു. ഇപ്പോളത്തെ ശമ്പള വർദ്ധനവ് 2022 നവംബർ മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. 

ശമ്പള വർദ്ധനവ്  3400/- രൂപ 2022 നവംബർ, ഡിസംബർ, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നൽകുന്നതാണ്. സ്പെഷ്യലിസ്റ്റ് ടീച്ചർക്ക് പാർട്ട് ടൈം ജീവനക്കാർക്ക്  അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതായിരിക്കും. ആഴ്ചയിൽ 3 ദിവസങ്ങളിൽ സ്പെഷ്യലിസ്റ്റ് ടീച്ചർമാർ പരമാവധി 2 സ്കൂളുകളിൽ പ്രവർത്തിക്കേണ്ടതാണ്. മാസത്തിൽ 1 ശനിയാഴ്ച ബന്ധപ്പെട്ട ബി.ആർ.സി.കളിൽ പ്ലാൻ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.
 
സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ മറ്റു വിഷയങ്ങളെ കുറിച്ച് 3 മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K