23 February, 2023 10:23:27 AM


അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ മലയാളി; സന്തോഷത്തിൽ വടക്കഞ്ചേരി ഗ്രാമം



പാലക്കാട്:  അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന മലയാളി വിവേക് രാമസ്വാമിയുടെ പ്രഖ്യാപനത്തിൽ ഏറെ അഭിമാനത്തിലാണ് പാലക്കാട് വടക്കഞ്ചേരി അഗ്രഹാരം. വിവേകിന്‍റെ പിതാവ് രാമസ്വാമിയുടെ ജന്മനാടാണിത്.

1974 ലാണ് മെക്കാനിക്കൽ എഞ്ചിനീയറായ രാമസ്വാമിയും ഭാര്യ ഗീതയും  അമേരിക്കയിലേക്ക് പോയത്. തുടർന്ന് അമേരിക്കയിൽ സ്ഥിരതാമസമാക്കി. ഇവരുടെ മൂത്ത മകനാണ് വിവേക്. രണ്ടാമത്തെയാൾ ശങ്കർ. വിവേകും ശങ്കറും ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലാണ്. ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസ്റ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമാണ് വിവേക്. 

വിവേകിൻ്റെ സഹോദരൻ ഡോ. ശങ്കറിനും അമേരിക്കയിൽ ബിസിനസ് രംഗത്ത് സജീവമാണ്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള വിവേകിൻ്റെ  തീരുമാനം കുടുംബാംഗങ്ങൾക്ക് ഏറെ സന്തോഷവും അതോടൊപ്പം അത്ഭുതവുമാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ ഇനിയും കടമ്പകളുണ്ടെങ്കിലും അവയെല്ലാം മറികടക്കുമെന്ന പ്രതീക്ഷയാണ് കുടുംബാംഗങ്ങൾക്കുള്ളത്. 

മികച്ച സംരംഭകനായി അമേരിക്കയിൽ തിളങ്ങി നിൽക്കുന്ന വിവേക്  രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത് വലിയ സർപ്രൈസായെന്ന് കുടുംബാംഗമായ ജയശ്രീയും അഡ്വ. ഗണേശും  പറഞ്ഞു. പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്ന ആളായിരുന്നു വിവേക്. ഭാര്യ ഡോ. അപൂർവ്വ തിവാരി  ഉത്തർപ്രദേശ് സ്വദേശിയാണ്. വിവാഹത്തിന് ശേഷം 2018ല്‍ ഇരുവരും  വടക്കഞ്ചേരിയിൽ എത്തിയിരുന്നു.  വിവേകിന്‍റെ അച്ഛനും അമ്മയും എല്ലാ വർഷവും നാട്ടിലെത്താറുണ്ട്. ഒന്നര മാസം മുൻപ്  രാമസ്വാമിയും ഗീതയും പാലക്കാട് വന്ന് മടങ്ങിയതേയുള്ളു. 

വടക്കഞ്ചേരി സ്വദേശി ഗണപതി അയ്യർ - തങ്കം ദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമനാണ് രാമസ്വാമി. മറ്റു മക്കളായ ഡോ. രാമനാഥൻ, മോഹൻ, പ്രൊഫ. വൃന്ദ, ഇന്ദിര, ശോഭ തുടങ്ങിയവരും അമേരിക്കയിൽ സ്ഥിരതാമസമാണ്. രാമസ്വാമിയുടെ സഹോദരി ചന്ദ്ര സുബ്രഹ്മണ്യൻ മാത്രമാണ് നാട്ടിലുള്ളത്. ഇവരുടെ കുടുംബത്തിൽ ഇതിന് മുൻപ് ഒരാൾ മാത്രമാണ് രാഷ്ട്രീയ രംഗത്തിറങ്ങിയിട്ടുള്ളു. വിവേകിൻ്റെ അച്ഛൻ രാമസ്വാമിയുടെ വലിയമ്മയുടെ മകൻ അഡ്വ. മുത്തുസ്വാമി ജില്ലയിലെ ആദ്യകാല  ബിജെപി നേതാവായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K