22 February, 2023 01:44:02 PM


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ക്രമക്കേട്: സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന



കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വന്‍ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണത്തെതുടര്‍ന്ന് 'ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്' എന്ന പേരില്‍ ജില്ലാ കളക്ട്രേറ്റുകളില്‍ സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധന. ഇതിന്‍റെ ഭാഗമായി കോട്ടയം കളക്ട്രേറ്റില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈകാര്യം ചെയ്യുന്ന കെ- 4  സെക്ഷനിലും പരിശോധന നടക്കുന്നു. 


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ധനസഹായം നൽകിയും അർഹരായവരെ സ്വാധീനിച്ചും ഉദ്യോഗസ്ഥർ കമ്മീഷൻ കൈപറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് മിന്നല്‍ പരിശോധന നടക്കുന്നത്. ദുരിതാശ്വാസനിധി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലുള്ള വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് ധനസഹായം ഏർപ്പാടാക്കി കൊടുക്കുന്നതിന് ഏജന്‍റുമാർ പ്രവർത്തിക്കുന്നതായും ഇത്തരം ഏജന്‍റുമാർ മുഖന സമർപ്പിക്കുന്ന അപേക്ഷകളിൽ ഹാജരാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും വ്യാജമായിരിക്കുമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.


അർഹരായ അപേക്ഷകരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമാണ് അവരെകൊണ്ട് ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നത്. ഇത്തരം അപേക്ഷകളിൽ അപേക്ഷ നൽകുന്ന വ്യക്തിയുടെ പേര് കാണില്ല. പകരം ഏജന്‍റിന്‍റെ ഫോൺ നമ്പരാണ് വയ്ക്കുക. തുക പാസ്സായി കഴിയുമ്പോൾ അപേക്ഷകനെ സമീപിച്ച് 50% കമ്മീഷന്‍ കൈപ്പറ്റും. അർഹരല്ലാത്തവർക്കാണ് ഇത്തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ധനസഹായം ലഭിക്കുന്നത് എന്നതിനാൽ ആരും പരാതിയുമായി മുന്നോട്ട് പോകാറില്ല.


ഇത്തരം ഏജന്റുമാരുടെ പ്രവർത്തനത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശയും അറിവും ഉണ്ടെന്നും രഹസ്യ വിവരം ലഭിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ബ്രീസ് ലാൽ (മൊബൈല്‍ നമ്പര്‍ 9400656960) എന്നയാൾ ഇത്തരത്തിലൊരു ഏജന്‍റാണെന്നും അറിയുവാനായി.


കലക്ടറേറ്റിൽ ബഹു.മുഖ്യമന്ത്രിയുടെ ധനസഹായത്തിനായി സമർപ്പിക്കപ്പെടുന്ന അപേക്ഷകരുടെ വിവരങ്ങൾ സെക്ഷനിൽ നിന്നും ഏജന്റുമാരും ചില ഉദ്യോഗസ്ഥരും ചോർത്തിയെടുക്കും. തങ്ങള്ളുടെ സ്വാധീനമുപയോഗിച്ച് ശരിയാക്കി നൽകാമെന്ന് അപേക്ഷകരെ പറഞ്ഞ് വിശ്വസിപ്പിച്ചും പ്രലോഭിപ്പിച്ചും കളക്ടറേറ്റിലെ ബന്ധപ്പെട്ട സെക്ഷനിലുള്ള ഫയൽ നടപടികൾ വേഗത്തിലാക്കി ആയത് അപേക്ഷകരെ ധരിപ്പിച്ചും ധനസഹായത്തിൽ നിന്നും നല്ലൊരു വിഹിതം അടിച്ചുമാറ്റും. ഇത് കലക്ടറേറ്റിലെ ഉദ്യോഗസ്ഥരിൽ ചിലർ വീതം വച്ചെടുക്കുന്നതായും രഹസ്യ വിവരം ലഭിച്ചു.


ഇത്തരത്തിലുള്ള ഏജന്റുമാർക്ക് ചില ഡോക്ടർമാർ സ്ഥിരമായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകി വരുന്നതായും കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം ജൂനിയർ കൺസൾട്ടന്‍റ് ഡോ. അനസ് ഇപ്രകാരം ആശുപത്രിയിൽ വച്ചും സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് വച്ചും ഇപ്രകാരം ആവശ്യക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി വരുന്നതായി കണ്ടെത്തി. സംസ്ഥാനത്തെ പല ഡോക്ടർമാരും ഇത്തരത്തിൽ വ്യക്തമായ പരിശോധനകൾ കൂടാതെയും രോഗികളെ കാണുക കൂടി ചെയ്യാതെയും പണം കൈപ്പറ്റി സർട്ടിഫിക്കറ്റുകൾ നൽകി വരുന്നതായും അറിവായി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K