21 February, 2023 05:31:25 PM


ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികള്‍ വേണ്ട - ഹൈക്കോടതി



കൊച്ചി: ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ  കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി പി എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്. മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്. 

മലബാർ ദേവസ്വത്തിന് കീഴിലുളള  കാളിക്കാവ് ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവെങ്കിലും ഭാവിയിൽ ഈ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് നിയമവിദഗ്ധർ കരുതുന്നത്.

കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം , ഡിവൈ എഫ് ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ് , പങ്കജാക്ഷൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി. 
ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ടീയ പാർട്ടി ഭാരവാഹികളെ നിയമിക്കരുതെന്ന്  വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.

ഡിവൈഎഫ് ഐ രാഷ്ടീയ സംഘടനയല്ലെന്ന എതിർകക്ഷികളുടെ വാദവും കോടതി തളളി. പുക്കോട്ട് കാളിക്കാവ്  പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിൽ മലബാർ ദേവസ്വം ബോഡിന്‍റെ   വ്യവസ്ഥകളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K