16 February, 2023 10:09:24 PM
പാലില്‍ മാരകമായ വിഷാംശം; കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും
അതിര്‍ത്തി കടന്നെത്തുന്ന പാലില്‍ മനുഷ്യശരീരത്തിന് ഹാനികരമാകുന്ന വിഷപദാർഥങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ക്ഷീരവികസ വകുപ്പിന് കീഴിലെ ഡെയറി ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് യൂറിയ, മാല്‍റ്റോ ഡെക്സ്ട്രിന്‍ എന്നീ രാസവസ്തുക്കളാണ് പാലില്‍ ചേര്‍ക്കുന്നതെന്ന് കണ്ടെത്തിയത്. 2021 ഡിസംബര്‍ ഒന്നുമുതല്‍ 2022 നവംബര്‍ 30വരെ ചെക്പോസ്റ്റുകളോട് ചേര്‍ന്നുള്ള ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.
കേരളത്തില്‍ ഒരുദിവസം ശരാശരി 91.4 ലക്ഷം ലിറ്റര്‍ പാലാണ് ചെലവാകുന്നത്. ഇതില്‍ 75 ശതമാനവും പുറത്തുനിന്ന് എത്തിക്കുന്നതാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ടാങ്കറുകളിലും പാക്കറ്റുകളായും എത്തിക്കുന്ന പാല് പരിശോധിച്ചപ്പോഴാണ് വിഷപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതായി നേരത്തെ കണ്ടെത്തിയത്. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പെട്ടിട്ടും മായം കലര്‍ന്ന പാല് എത്തുന്നത് തടയാന്‍ അധികൃതര്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെത്തിച്ച മായം കലര്‍ന്ന പാല് കഴിഞ്ഞമാസം സംസ്ഥാനാതിര്‍ത്തികളില്‍ പിടികൂടിയിരുന്നു. പാലക്കാട് മീനാക്ഷിപുരം, കൊല്ലം ആര്യങ്കാവ്, തിരുവനന്തപുരം പാറശ്ശാല എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകള്‍ കടന്നാണ് കേരളത്തിലേക്ക് പാല് എത്തുന്നത്. അഞ്ചുമുതല്‍ ആറു ലക്ഷം ലിറ്റര്‍ പാല് ഒരു ദിവസം അതിര്‍ത്തി കടന്ന് എത്തുന്നെന്നാണ് കണക്ക്. ഇതിനിടയിലാണ് ഇപ്പോള്‍ പാലില്‍ അഫ്ലാടോക്സിന് എന്ന വിഷാംശവും കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിലെ നല്ലൊരു ശതമാനം പാല്നിര്മ്മാണകമ്പനികളും തമിഴ്നാട്ടില്‍നിന്നും എത്തിക്കുന്ന പാലാണ് കവറിലാക്കി വിതരണം ചെയ്യുന്നത്. സ്വന്തമായി ഫാം ഉള്ള കമ്പനികള്‍ കൈവിരലില്‍ എണ്ണാവുന്നത്ര മാത്രം. മായം കലരാത്ത പാല് ഒരു ദിവസം കഴിയുമ്പോഴേ കേടാകും. ഇങ്ങനെ കേടാകിതിരിക്കാനാണ് കമ്പനികള്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതെന്ന് ഈ രംഗത്തെ ഒരു വിദഗ്ധന്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു.