16 February, 2023 05:52:33 PM
കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കണം - എംപി
കോട്ടയം: ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അടിയന്തരമായി നഗരത്തില്‍ തന്നെയുള്ള മറ്റൊരു കെട്ടിടത്തില്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്രട്ടറി, ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഓഫ് ഇന്ത്യ എന്നിവര്‍ക്ക് കത്തു നല്‍കി. ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഓഫ് ഇന്ത്യ ടി. ആംസ്‌ട്രോങ് ചാങ്സാനെ നേരിട്ട് സന്ദര്‍ശിച്ച് എംപി വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി.
പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 14നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ചാങ്സാന്‍ പറഞ്ഞു. പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും സി.പി.ഡബ്ല്യു.ഡി അധികാരികള്‍ നിര്‍ദേശിച്ചതിനാലാണ് കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചത്. കോട്ടയത്തു നിന്നുള്ള അപേക്ഷകരോട് ആലപ്പുഴ, ആലുവ, തൃപ്പൂണിത്തറ എന്നീ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലേക്ക് പോകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നും ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ എംപിയെ അറിയിച്ചു.
പുതിയ കെട്ടിടം എത്രയും വേഗം കണ്ടുപിടിച്ച് അവിടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ എംപിയെ അറിയിച്ചു. ഇത് സംബന്ധിച്ച് എറണാകുളം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളികള്‍ ആയിട്ടുള്ള ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിന്റെ അധികാരികള്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംപി അറിയിച്ചു.