04 February, 2023 03:42:07 PM


ഇന്ധന സെസില്‍ പ്രശ്നങ്ങള്‍; നികുതി ജനങ്ങള്‍ക്ക് പ്രയാസമാകരുത് - ഇ പി ജയരാജൻ



തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.  നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുതെന്നും ജയരാജൻ പറഞ്ഞു. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകും. കര്‍ണാടക, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയില്‍ വ്യത്യാസം വരുമ്പോള്‍ ചില സ്വാഭാവിക പ്രശ്‌നങ്ങള്‍ നമുക്കുണ്ടാകും.

കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്‍പന കുറയും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ ചുമത്തപ്പെടുന്ന നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുത്. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഉചിതമായി പരിശോധിക്കണമെന്നും ഇ.പി.ജയരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് വർധിപ്പിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിൽ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബജറ്റിലേതു നിര്‍ദേശങ്ങളാണ്, കൂടുതൽ കാര്യങ്ങൾ ചർച്ച നടത്തിയാവും ഇതിൽ അന്തിമ തീരുമാനം എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K