31 January, 2023 07:54:22 PM
'ചിന്തയുടെ കൊല അപകടകരമായ കൊല': വിവാദ പരാമര്‍ശവുമായി പി സി ജോർജ്
കോട്ടയം: 'ചിന്താ ജെറോമിന്റെ കൊല അപകടകരമായ കൊല' എന്ന് പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. പെണ്ണുമ്പിള്ള പള്ളിക്കൂടത്തില്‍ പോയി പഠിക്കണമെന്നും എന്നിട്ട് പിഎച്ചിഡിയും കൊണ്ട് നടക്കണമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
'വാഴക്കുല എന്താണെന്നറിയാത്ത ചിന്താ ജെറോമിന് പിഎച്ച്‌ഡി കൊടുത്തവരെപ്പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. കേരളത്തിലെ സാഹിത്യകാരന്മാരുടെ പേരറിയാത്ത ഒരാളെ പിടിച്ച് ആ സ്ഥാനത്ത് ഇരുത്തുന്നത് ശരിയാണോ എന്ന് പിണറായി വിജയന്‍ ചിന്തിക്കട്ടെ. യുവത തലമുറയ്ക്ക് അവര്‍ നല്‍കുന്ന സന്ദേശം മോശമാണ്.' പിസി ജോര്‍ജ് വ്യക്തമാക്കി.
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍, സംഭവിച്ചത് സാന്ദര്‍ഭികമായ പിഴവാണെന്ന വിശദീകരണവുമായി ചിന്ത രംഗത്ത് വന്നു. മനുഷ്യ സഹജമായ തെറ്റാണ് സംഭവിച്ചതെന്നും പുസ്തക രൂപത്തിലാക്കുമ്ബോള്‍ പിശക് തിരത്തുമെന്നും ചിന്ത വ്യക്തമാക്കി. ഒരു വരിപോലും മറ്റൊരിടത്ത് നിന്നും പകര്‍ത്തിയെഴുതിയിട്ടില്ലെന്നും ചില ലേഖനങ്ങളുടെ ആശയം ഉള്‍ക്കൊള്ളുക മാത്രമാണ് ചെയ്തതെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.
'വാഴക്കുലയുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുകളുമായോ ബന്ധമുള്ളതല്ല. സാന്ദര്‍ഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാട്ടിയവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. തെറ്റിനെ പര്‍വ്വതീകരിച്ചു കൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യകളും കഴിഞ്ഞ ദിവസം നേരിട്ടു' ചിന്ത ജെറോം വ്യക്തമാക്കി.