24 January, 2023 12:17:58 PM


ജഡ്ജിമാരുടെ പേരിൽ 72 ലക്ഷം രൂപ കൈക്കൂലി; അഡ്വ. സൈബി ജോസിനെതിരെ റിപ്പോര്‍ട്ട്



കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെന്ന പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ വൻ തോതിൽ പണം കൈപ്പറ്റിയിട്ടുണ്ടെന്ന്ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകി. ഒരു ജഡ്ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്.

എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന് 25 ലക്ഷം ചെലവായിട്ടുണ്ട്. 15 ലക്ഷം രൂപയാണ് സൈബി ഫീസായി വാങ്ങിയത്. 5 ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്ന് മൊഴി. സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും ഇയാൾ ആഡംബര ജീവിതമാണ് നയിച്ചതെന്നും ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. ജഡ്ജിമാരുടെ പേരിൽ വൻ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്നും അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K