21 January, 2023 04:33:54 PM


'നോ എന്ന് പറഞ്ഞാൽ അതിനർത്ഥം നോ എന്ന് തന്നെ' - കേരള ഹൈക്കോടതി



കൊച്ചി: സ്ത്രീകൾ നോ എന്ന് പറഞ്ഞാൽ അതിനർത്ഥം നോ എന്ന് തന്നെയാണെന്ന് ആൺകുട്ടികൾ മനസിലാക്കണമെന്നു കേരള ഹൈക്കോടതി. സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് പഠിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി. കാംപസിലെ ഒരു കൂട്ടം പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പൽ തനിക്കെതിരെ നടപടിയെടുത്തത് ചോദ്യം ചെയ്ത് കൊല്ലം ജില്ലയിലെ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥി നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

കോളജിലെ പരാതി പരിഹാര സമിതി അന്വേഷണം നടത്തി ഹർജിക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പ്രിൻസിപ്പൽ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാൽ തന്റെ വാദം കേൾക്കാതെയാണ് നടപടിയെന്നാരോപിച്ച് വിദ്യാർത്ഥി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പരാതി കേട്ടു പരിഹാരമുണ്ടാക്കാൻ കോളജ് തലത്തിൽ പരാതി പരിഹാര കമ്മിറ്റി രണ്ടാഴ്‌ചക്കുള്ളിൽ രൂപീകരിക്കാനും തുടർന്ന് ഒരുമാസത്തിനുള്ളിൽ തീരുമാനം എടുക്കാനും ഹൈക്കോടതി നിർദേശിച്ചു.

'സമൂഹത്തിന്റെ ഒരു പാതിക്ക് ജന്മം നൽകുന്ന മറുപാതിയാണ് സ്ത്രീകൾ. അങ്ങനെ ഈ സമൂഹം തന്നെ അവരാകുന്നു.' ലിംഗവിവേചനം അംഗീകരിക്കാനാവില്ല. എതിർവിഭാഗത്തിലുള്ളവരോട് ആദരവോടെ പെരുമാറാൻ കുട്ടികളെ കുടുംബങ്ങളിലും പ്രാഥമിക സ്കൂൾ തലത്തിലും പഠിപ്പിക്കണമെന്നും കോടതി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K