07 January, 2023 04:06:23 PM
കലാകിരീടം തിരിച്ചുപിടിച്ച് കോഴിക്കോട്: നേട്ടം ഇരുപതാം തവണ; കണ്ണൂർ രണ്ടാമത്
കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം. 938 പോയിന്‍റ് നേടിയാണ് സ്വന്തം തട്ടകത്തിൽ കോഴിക്കോട് കലാകിരീടം തിരിച്ചുപിടിച്ചത്. ഇത് 20-ാം തവണയാണ് കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളാകുന്നത്. 918 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാടാണ് തൊട്ടുപിന്നിലെത്തി. തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിൽ.
ഹൈസ്കൂൾ വിഭാഗത്തിൽ കോഴിക്കോടും ഹയർസെക്കൻഡറി വിഭാഗത്തിൽ കണ്ണൂരുമാണ് ഒന്നാമതെത്തിയത്. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ കോഴിക്കോടും കണ്ണൂരും പാലക്കാടുമാണ് ഒന്നാമത്. അതേസമയം ഹൈസ്കൂൾ വിഭാഗം സംസ്കൃതം കലോത്സവത്തിൽ കൊല്ലവും എറണാകുളവും ഒന്നാമതെത്തി.
സ്കൂളുകളിൽ പാലക്കാട് ജില്ലയിലെ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാർമൽ ഇഎം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തുമെത്തി. കാസർഗോഡ് കാഞ്ഞങ്ങാട് ദുർഗാ എച്ച്എസ്എസാണ് മൂന്നാമത്.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിര്‍വഹിക്കും.
കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എംപിമാരായ എളമരം കരീം, എംകെ രാഘവന്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.