07 January, 2023 11:45:42 AM
കിരീടപോരാട്ടം തുടരുന്നു; സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും
കോഴിക്കോട്: 61-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അഞ്ച് ദിനം നീണ്ടുനിന്ന് കലോത്സവത്തിന്റെ അവസാന ദിനത്തിലെ ഫലമറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. 11 ഇനങ്ങൾ കൂടി ബാക്കി നിൽക്കേ കിരീടപോരാട്ടം കനക്കുകയാണ്. ഏറ്റവുമൊടുവിലെ പോയിന്‍റ് നിലയിൽ ഒന്നാമത് കോഴിക്കോടാണ്. രണ്ടാം സ്ഥാനത്ത് കണ്ണൂരും. പാലക്കാട് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
891 പോയിന്റാണ് കോഴിക്കോടിന്. കണ്ണൂർ ജില്ലക്ക് 883ഉം. പാലക്കാടിന് 872 പോയിന്റുമാണുള്ളത്. നാടോടി നൃത്തം, പരിചമുട്ട്, കേരള നടനം, വഞ്ചിപ്പാട്ട് എന്നിവയാണ് ഇന്ന് അരങ്ങിലെത്തുന്നത്. ഇന്നലെ വരെ കണ്ണൂരിനായിരുന്നു ആധിപത്യം. കഴിഞ്ഞ തവണ 2 പോയിന്റിന്‍റെ വ്യത്യാസത്തിലാണ് കോഴിക്കോടിന് കപ്പ് നഷ്ടപ്പെട്ടത്. മിക്ക ഇനങ്ങളിലും കോഴിക്കോട് പങ്കെടുത്തിട്ടുണ്ട്. അതിൽ 20 ഇനങ്ങളൊഴികെ എ ഗ്രേഡാണുള്ളത്.
തുടക്കം മുതലേ മുന്നേറ്റം തുടര്‍ന്ന കണ്ണൂരിന് നാലാം ദിനത്തില്‍ കാലിടറി. തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിന്‍റെ കുതിപ്പിന് ആക്കം കൂട്ടിയത് നാടകം, തിരുവാതിര, സംഘനതൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ്. കലോത്സവത്തിന്‍റെ ആദ്യദിനം മുതല്‍ ചാംപ്യന്‍സ് സ്കൂള്‍ പട്ടത്തിനായി കുതിപ്പ് തുടര്‍ന്ന തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിന് വെല്ലുവിളി ഉയര്‍ത്തി മുന്‍ ചാംപ്യന്‍മാരായ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ററി സ്കൂള്‍ മുന്നിലെത്തി. തുടര്‍ച്ചയായ 10ാം കിരീടമെന്ന സ്വപ്നവുമായാണ് ഗുരുകുലത്തിന്റെ അവസാന ലാപ്പിലെ മുന്നേറ്റം. കിരീടത്തിനായി കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
സ്കൂളുകൾ തമ്മിലുള്ള പോരാട്ടത്തിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഇ എം ഗേൾസ് ഹയർസെക്കൻഡറി സ്കൂളാണ് മുന്നിൽ (122 പോയിന്റ്). പാലക്കാട് ഗുരുകുലം 111 പോയിന്‍റുമായി രണ്ടാമതും കണ്ണൂർ സെന്‍റ് തെരാസ് സ്കൂൾ (98) മൂന്നാമതുമുണ്ട്.