18 December, 2022 10:16:25 PM


സുരേഷ് കുറുപ്പ് സജീവ രാഷ്ട്രീയം വിടുന്നുവെന്ന് റിപ്പോർട്ട്‌: വാർത്ത തെറ്റെന്ന് കുറുപ്പ്



കോട്ടയം: കോട്ടയം ജില്ലയില്‍ സി പി ഐ എമ്മിന്റെ ജനകീയ മുഖങ്ങളില്‍ ഒന്നായ കെ സുരേഷ് കുറുപ്പ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നേക്കും എന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കേണ്ട എന്നും സി പി ഐ എമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കാനും ആണ് തീരുമാനം എന്നാണ് മലയാള മനോരമ റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ വാർത്ത പൂർണമായും ശരിയല്ലെന്ന പ്രസ്താവനയുമായി സുരേഷ്‌കുറുപ് രംഗത്തെത്തി.

താൻ ഇനി മത്സരിക്കാനില്ലെന്നാണ് മനോരമ ലേഖകനോട് കുറുപ്പ് പറഞ്ഞതത്രേ. കൂടുതൽ ചോദ്യങ്ങൾക്ക് ഒന്നരയാഴ്ചയ്ക്കു ശേഷം മറുപടി പറയാം എന്നാണ് സുരേഷ് കുറുപ്പ് പ്രതികരിച്ചത്. എന്നാൽ രാഷ്ട്രീയം വിടുന്ന കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നും കുറുപ്പ് ഫേസ്ബുക് പേജിൽ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റേയും കേരള കോണ്‍ഗ്രസിന്റേയും ശക്തികേന്ദ്രമായ കോട്ടയത്ത് സി പി ഐ എമ്മിന്റെ ഉറച്ച ശബ്ദമായിരുന്നു സുരേഷ് കുറുപ്പ്. 26 വര്‍ഷം ലോക്‌സഭയിലും നിയമസഭയിലും സി പി ഐ എമ്മിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു.

ഏഴ് തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുരേഷ് കുറുപ്പ് അതില്‍ നാല് തവണയും വിജയിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിന് ശേഷം 1984 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു ജയിച്ച 3 എല്‍ ഡി എഫ് സ്ഥാനാര്‍ഥികളിലെ ഏക സി പി ഐ എം പ്രതിനിധി സുരേഷ് കുറുപ്പായിരുന്നു. സുരേഷ് കുറുപ്പിന്റെ ആദ്യ തെരഞ്ഞെടുപ്പുമായിരുന്നു അത്.

നിയമസഭയിലേക്കുള്ള മത്സരങ്ങളിലും സുരേഷ് കുറുപ്പിലൂടെ സി പി ഐ എം ജയം നേടി. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ എം എല്‍ എയായി. ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമായിരിക്കുമെന്ന് പാർട്ടി പ്രവർത്തകരും നാട്ടുകാരും ഒന്നുപോലെ കരുതിയെങ്കിലും അദ്ദേഹത്തെ മാറ്റിനിർത്തി. തുടരെ രണ്ട് തവണ മത്സരിച്ചവര്‍ക്കു സീറ്റ് നല്‍കേണ്ട എന്ന സി പി ഐ എം തീരുമാനം മൂലമാണ് സുരേഷ് കുറുപ്പിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവസരം ലഭിക്കാതിരുന്നത്.

കുറുപ്പിന്റെ ഫേസ്ബുക് കുറിപ്പ് ചുവടെ.

"സുഹൃത്തുക്കളേ ,

ഇന്നത്തെ (18 ഡിസംബർ 2022 ) മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന ഒരു വാർത്തയുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണിത്.

ഞാൻ രാഷ്ട്രീയപ്രവർത്തനമവസാനിപ്പിക്കുന്നു എന്ന സൂചനകളോടെ വന്നിട്ടുള്ള വാർത്തയിൽ പത്രലേഖകനോട് ഞാനായി പറഞ്ഞ ഒരു വാചകമേയുളളൂ , ' ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല ' എന്നതാണത് .  വേണമെങ്കിൽ ഒരാഴ്ച കഴിഞ്ഞ് സംസാരിക്കാം എന്നും പറഞ്ഞിരുന്നു. മറ്റുള്ളതൊന്നും ഞാൻ പറഞ്ഞതല്ല.

എന്നെയും ഞാൻ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്നേഹിച്ച ജനങ്ങൾക്കിടയിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ അത് ഞാൻ എന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കും .

എല്ലാവരുടേയും സ്നേഹത്തിനും കരുതലിനും നന്ദിയും അഭിവാദ്യങ്ങളും .

കെ . സുരേഷ് കുറുപ്പ്
18 ഡിസംബർ  2022
കോട്ടയം"





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K