13 December, 2022 09:13:34 PM
വന്ധ്യതാനിരക്ക് സർവേ: വിവരശേഖരണം ദമ്പതിമാരിൽ നിന്നും ക്ലിനിക്കുകളിൽ നിന്നും
കോട്ടയം: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'കേരളത്തിലെ വന്ധ്യതയുടെ പ്രാചുര്യവും ചികിത്സയും', 'കോവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളിൽ എന്നീ വിഷയങ്ങളിൽ സർവേ നടത്തുന്നു. തിരഞ്ഞെടുത്ത 40 സാമ്പിൾ യൂണിറ്റുകളിലാണ് നടത്തുന്നത്. വന്ധ്യത സംബന്ധിച്ച് ആദ്യഘട്ടത്തിൽ ദമ്പതിമാരിൽനിന്നും ചികിത്സ നടത്തുന്ന ക്ലിനിക്കുകളിൽ നിന്നും വിവരം ശേഖരിക്കും. രണ്ടാം ഘട്ടത്തിൽ വന്ധ്യത അഭിമുഖീകരിക്കുന്ന ദമ്പതിമാരിൽനിന്നും വിശദ വിവരശേഖരണം നടത്തും.
കോവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളിൽ എന്ന വിഷയത്തിൽ പ്രവാസികളെ കണ്ടെത്തുന്നതിനായി എല്ലാ വീടുകളുടെയും പട്ടിക തയ്യാറാക്കും. രണ്ടാം ഘട്ടത്തിൽ തയ്യാറാക്കിയ പട്ടികയിലുള്ള പ്രവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. സർവേകളിലൂടെ ലഭിക്കുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊതുജനങ്ങൾ സർവേയുമായി സഹകരിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.