13 December, 2022 05:22:08 PM
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബിൽ പാസായി; ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബിൽ നിയമസഭയിൽ പാസായി. തങ്ങൾ നിർദേശിച്ച ഭേദഗതികൾ ബില്ലിൽ പൂർണമായി അംഗീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അംഗീകാരം ലഭിക്കുന്നതിനായി ബിൽ ഗവർണർക്ക് ഉടൻ കൈമാറും.
വിസിമാരെ നിയമിക്കാനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അംഗങ്ങളായിരിക്കണമെന്ന നിർദേശവും അംഗീകരിച്ചു. ഈ സമിതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറിയ പ്രതിപക്ഷം, നിയമസഭാ സ്പീക്കറെ സമിതിയിൽ ഉൾപ്പെടുത്താം എന്ന സർക്കാർ നീക്കത്തോട് യോജിച്ചു.
എന്നാൽ ചാൻസലർ സ്ഥാനത്തേക്ക് വിരമിച്ച ന്യായാധിപന്മാർ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ന്യായാധിപന്മാർ എല്ലാ കാര്യത്തിലും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് സർക്കാർ പ്രതികരിച്ചു.14 സർവകലാശാലകൾക്കുമായി ഒരൊറ്റ ചാൻസലർ മതിയെന്ന നിർദേശവും സർക്കാർ തള്ളി. ഗവർണർ നടത്തിയ രാഷ്ട്രീയ നീക്കം ആദ്യം തിരിച്ചറിഞ്ഞത് മുസ്ലീം ലീഗ് ആണെന്ന് പറഞ്ഞ മന്ത്രി പി. രാജീവ്, നടപടികളിൽ നിന്ന് വിട്ട് നിന്ന പ്രതിപക്ഷത്തിന് ചരിത്രം മാപ്പ് നൽകില്ലെന്ന് കൂട്ടിച്ചേർത്തു.