13 December, 2022 01:32:04 PM


ബസുകളുടെ പുറത്ത് പരസ്യം പാടില്ലെന്ന ഉത്തരവ്: കെ എസ് ആര്‍ ടി സി സുപ്രീംകോടതിയില്‍



തിരുവനന്തപുരം: ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയില്‍. ഉത്തരവ് മൂലം വൻ വരുമാന നഷ്ടം നേരിടുന്നതായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎസ്ആര്‍ടിസി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെഎസ്ആര്‍ടിസി സുപ്രിം കോടതിയില്‍‌ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.

ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്ആര്‍ ടിസി ഹർജിയിൽ ചോദ്യം ചെയ്യുന്നു.  മുൻ സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന  മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി. സാമൂഹിക വിഷയങ്ങളിൽ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോൾ തന്നെ ഇത്തരം ഉത്തരവുകൾ സാമൂഹിക സേവനം എന്ന നിലയിൽ മുന്നോട്ട് പോകുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണെന്നും സുപ്രീം കോടതിയുടെ മുൻകാല വിധികൾ പാലിക്കാതെയാണ് ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

അഭിഭാഷകൻ ദീപക് പ്രകാശാണ് കെഎസ്ആര്‍ടിസിയ്ക്കായി ഹർജി നൽകിയത്. വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ബസുകളിലെ പരസ്യം അപകട സാധ്യത കൂട്ടുമെന്ന നിരീക്ഷണത്തിനെ തുടര്‍ന്ന് അവ നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K