09 December, 2022 01:35:00 PM


'കേരളത്തിൽ ഏത് പദ്ധതി വന്നാലും എതിർക്കുന്ന ചിലരുണ്ട്'; മാതൃഭൂമിക്കെതിരെ മുഖ്യമന്ത്രി



തിരുവനന്തപുരം: സിൽവർലൈൻ അതിരടയാള കല്ലുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിനിടെ മാതൃഭൂമി പത്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഏത് പദ്ധതിയെയാണ് ഈ പത്രം അനുകൂലിച്ചിട്ടുള്ളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

"കേരളത്തിൽ ഏത് പദ്ധതി വന്നാലും ഏത് സർക്കാരിന്‍റെ കാലത്തും എതിർക്കുന്ന ചിലരുണ്ട്. അതിൽ പലതും രാഷ്ട്രീയപ്രസ്ഥാനങ്ങളല്ല, പ്രത്യേകമായ ചില വിഭാഗങ്ങളുണ്ട്. ആ കൂട്ടത്തിൽ നിൽക്കുന്ന ഒരു പത്രമാണിത്. കേരളത്തിലെ ഏത് പദ്ധതിയെയാണ് ഈ പത്രം അനുകൂലിച്ചിട്ടുള്ളത്" – മുഖ്യമന്ത്രി ചോദിച്ചു.

"നിങ്ങളോർക്കണം കേരളത്തിന്‍റെ പഴയ ചരിത്രം. ആ ചരിത്രത്തിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഒരു പുതിയ പദ്ധതി മുന്നോട്ടുവന്നപ്പോൾ അനുകൂലിക്കാൻ തയ്യാറായിട്ടുണ്ടോ. അതിനെയൊക്കെ സാക്ഷ്യപ്പെടുത്തി കാര്യങ്ങൾ അവതരിപ്പിക്കാൻ നിൽക്കേണ്ട. ഉള്ളതും ഇല്ലാത്തതുമായ കുറേ കാര്യങ്ങൾ അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് എഴുതിവെച്ചിട്ടുണ്ടാകാം. അത് കിട്ടിപ്പോയി എന്ന മട്ടിൽ എടുത്ത് പുറപ്പെടുന്നത് നല്ല കാര്യമല്ലെന്നേ എനിക്ക് പറയാനുള്ളു"- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നാടിനുവേണ്ടിയല്ലാതെ ഞങ്ങളോ നിങ്ങളോ എന്ന് നോക്കി ഒരുകാലത്തും എവിടെയും നിന്നിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വിമർശനത്തിന് മാതൃഭൂമിയുടെ പത്രാധിപർ മറുപടി നൽകി. സിൽവർലൈൻ അതിരടയാള കല്ലുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് റോജി എം ജോൺ എംഎൽഎയാണ് നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. മാതൃഭൂമി വാർത്തി ഉയർത്തിയായിരുന്നു റോജി എം ജോൺ വിഷയം അവതരിപ്പിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടിയോടെ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K