05 December, 2022 02:22:58 PM
ഗതാഗതനിയമം ലംഘിച്ചതിനും നികുതി വെട്ടിച്ചതിനും ശിക്ഷിക്കപ്പെട്ടയാൾ റോഡ് സുരക്ഷ അതോറിറ്റി അംഗം
തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചതിനും, വാഹന നികുതി വെട്ടിച്ചതിനും ശിക്ഷ നടപടി നേരിട്ടയാളെ റോഡ് സുരക്ഷ അതോറിറ്റി അംഗമായി നിയമിച്ച് സർക്കാർ. നികുതി വെട്ടിച്ചതിനും, അപകടമുണ്ടാക്കിയതിനും മോട്ടോർ വാഹന വകുപ്പ് ശിക്ഷിച്ച ആളെയാണ് റോഡ് സുരക്ഷ അതോറിറ്റി അംഗമാക്കിയത്. സർക്കാർ രജിസ്ട്രേഷൻ പോലുമില്ലാത്ത സ്ഥാപനത്തിന്‍റെ എന്ന പേരിലാണ് സർക്കാർ നിയമനം.
കഴിഞ്ഞ 22 നാണ് മൂന്ന് പേരെ റോഡ് സുരക്ഷ അതോറിറ്റി അംഗമായി നിയമിച്ച് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയത്. മുൻ ഡിജിപി ഋഷിരാജ് സിങ്, മുൻ ഐഎംഎ പ്രസിഡന്‍റ് ഡോക്ടർ ജോൺ പണിക്കർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി സി ഇ ഒ ഉപേന്ദ്രനാരായണൻ എന്നിവരാണ് പുതിയ അംഗങ്ങൾ. ഇതിൽ ഉപേന്ദ്ര നാരായണനെയാണ് നിയമ ലംഘനത്തിന് മോട്ടോർ വാഹന വകുപ്പ് തന്നെ ശിക്ഷിച്ചത്.
2017 ൽ എറണാകുളത്ത് നിന്ന് വാങ്ങിയ ബി എം ഡബ്ല്യു കാർ നികുതി വെട്ടിക്കാൻ വേണ്ടി പോണ്ടിച്ചേരിയിൽ കൊണ്ടുപോയി വ്യാജ അഡ്രസിൽ രജിസ്റ്റർ ചെയ്തു. ഇത് കണ്ടെത്തിയ മോട്ടോർ വാഹന വകുപ്പ് ഉപേന്ദ്ര നാരായണന് 10.4 ലക്ഷം രൂപ പിഴ ചുമത്തി. ഒടുവിൽ 2018 ൽ പിഴ അടച്ച് വാഹനം കേരള രജിസ്ട്രേഷനിലേയ്ക്ക് മാറ്റുകയായിരുന്നു. 2014 ൽ അപകടകരമായി വാഹനമോടിച്ച് മറ്റൊരാളെ ഗുരുതരമായി പരുക്കേൽപ്പിച്ചതിന് രണ്ട് മാസത്തേയ്ക്ക് ഉപേന്ദ്ര നാരായണന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എന്ന നിലയിലാണ് റോഡ് സുരക്ഷാ അതോറിറ്റി അംഗമായുള്ള ഉപേന്ദ്ര നാരായണന്റെ നിയമനം. എന്നാൽ, ഇതു തട്ടിക്കൂട്ടു സ്ഥാപനമാണെന്നും, കേരള രജിസ്ട്രേഷൻ പോലുമില്ലെന്നും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുൻപ് കണ്ടെത്തിയിരുന്നു.
തമിഴ്നാട്ടിലേയ്ക്ക് നിരന്തര യാത്രകൾ ഉള്ളതിനാലാണ് പോണ്ടിച്ചേരിയിൽ വാഹനം രജിസ്ട്രർ ചെയ്തതെന്നാണ് ഉപേന്ദ്ര നാരായണന്റെ വിശദീകരണം. കൂടാതെ താൻ വർഷങ്ങളായി പൊലീസിന് ഉൾപ്പെടെ സൗജന്യ പരിശീലനം നൽകുന്ന ആളാണെന്നും പറയുന്നു. പുതിയ വാഹനം രജിസ്ട്രർ ചെയ്യുമ്പോൾ സെസ് ഏർപ്പെടുത്തിയാണ് റോഡ് സുരക്ഷ അതോറിറ്റി ഫണ്ട് സമാഹരിക്കുന്നത്. അതുപോലും നൽകാതെ വെട്ടിക്കാൻ ശ്രമിച്ച ആളെയാണ് ആന്റണി രാജു ഇതേ കമ്മിറ്റിയുടെ അംഗംമാക്കിയത് എന്നതാണ് വിരോധാഭാസം.