04 December, 2022 06:10:04 PM
വനിതാ കണ്ടക്ടര്‍ ഇരിക്കുന്ന സീറ്റില്‍ ഇനി പുരുഷ യാത്രക്കാരെ അനുവദിക്കില്ല
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകളിലെ വനിതാ കണ്ടക്ടര്‍ ഇരിക്കുന്ന സീറ്റില്‍ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഇത് സംബന്ധിച്ച ഉത്തരവ് രണ്ട് വര്‍ഷം മുമ്ബ് ഇറക്കിയിരുന്നു. എന്നാല്‍ ഉത്തരവിനെ പറ്റി യാത്രക്കാര്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ ഇപ്പോഴാണ് ബസുകളില്‍ കെഎസ്‌ആര്‍ടിസി നോട്ടീസ് പതിപ്പിച്ചു തുടങ്ങിയത്.
ബസില്‍ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരില്‍ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. 2020ലാണ് ഇത് സംബന്ധിച്ച ആദ്യ ഉത്തരവ് കെഎസ്‌ആര്‍ടിസി ഇറക്കിയത്. എന്നാല്‍ വീണ്ടും പരാതി ഉയര്‍ന്നപ്പോഴാണ് ബസുകളില്‍ ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനിച്ചത്.
ബസിന്റെ വാതിലിനുസമീപം രണ്ടുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സീറ്റിലാണ് കണ്ടക്ടര്‍ക്ക് ഇരിപ്പിടം അനുവദിച്ചിട്ടുള്ളത്. ഈ സീറ്റില്‍ ഇനി പുരുഷ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ സാധ്യമല്ല. എന്നാല്‍ ഉത്തരവിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. അപരിഷ്‌കൃതമായ സംവിധാനമാണെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ നടപടി സ്ത്രീസുരക്ഷയ്ക്കുവേണ്ടിയാണെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു.