29 November, 2022 09:30:26 PM


സർക്കാരിന് തിരിച്ചടി; കെടിയു വിസി നിയമനത്തില്‍ സര്‍ക്കാര്‍ ഹർജി ഹൈക്കോടതി തള്ളി



കൊച്ചി: കേരള സാങ്കേതിക സർവകലാശാല വി സിയായി സിസാ തോമസിനെ ഗവർണർ നിയമിച്ചത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സംസ്ഥാന സർക്കാരിന്‍റെ ഹർജി തള്ളിയത്. ഡിജിറ്റൽ സർവകലാശാല വിസിയെ സാങ്കേതിക സർവകലാശാല താൽകാലിക വിസി ആക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ അപാകത ഇല്ലെന്ന് കോടതി വ്യക്തമാക്കി.

സർക്കാർ സർവ്വകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടരുതെന്ന് നിരവധി സുപ്രിം കോടതി വിധികൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. യു.ജി സി മാനദണ്ഡപ്രകാരം യോഗ്യതയില്ലാത്തവർ വി സി ആകരുത്. വൈസ് ചാൻസലർ പദവി ഉന്നതമാണ്. യുജിസിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് വൈസ് ചാൻസലർ എന്ന പദവിയിൽ താത്ക്കാലിക വൈസ് ചാൻസലർക്ക് മറ്റൊരു മാനദണ്ഡമോ അക്കാദമിക് യോഗ്യതയോ പറയുന്നില്ല. യുജിസിയുടെ ഈ വാദം കേസിൽ നിരണ്ണായകമായെന്ന് കോടതി വ്യക്തമാക്കി. ചാൻസലർ ഗവർണർ കൂടിയായതിനാൽ പുർണ്ണമായും നിയമപരമായി പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു.

താത്ക്കാലിക വി സി നിയമനത്തിനും പത്ത് വർഷത്തെ അധ്യാപന പരിചയം നിർബന്ധമെന്ന് യു ജി സി അറിയിച്ചിട്ടുണ്ട്. കെ ടി യു പ്രൊ വി സി ക്ക് വി സി യാകുന്നതിന് മതിയായ യോഗ്യതയുള്ളതായി സർക്കാരും കോടതിയെ അറിയിച്ചു. എങ്കിലും പ്രോ വി സിയെ പരിഗണിക്കാതെ ഗവർണർ മതിയായ യോഗ്യതയില്ലാത്ത സിസ തോമസിനെ നിയമിക്കുകയായിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ അക്കാദമിക് രംഗത്തെ മികവാണ് പരിഗണിച്ചതെന്നായിരുന്നു ഗവർണറുടെ വാദം. സിസ തോമസിനെ നിയമിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് ഗവർണർ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K