26 November, 2022 01:41:20 PM
പാർട്ടി അച്ചടക്കത്തിന്റെ വാളുമായി നേതാക്കള്‍ പിന്നാലെ കൂടിയിട്ടും മെരുങ്ങാതെ തരൂര്‍
തിരുവനന്തപുരം: പാർട്ടി അച്ചടക്കത്തിന്റെ വാളുമായി നേതാക്കള്‍ എത്തിയാലും മെരുങ്ങില്ലെന്നു പ്രഖ്യാപിച്ച് ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിമർശനങ്ങൾക്ക് കൃത്യമായി മറുപടി കൊടുത്താണ് തരൂരിന്റെ പരിപാടികൾ. ഐ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും ഭീഷണി മുഴക്കുന്നുണ്ടെങ്കിലും എ ഗ്രൂപ്പ് നേതാക്കൾ തരൂരിനൊപ്പമാണു നിലയുറപ്പിക്കുന്നത്.
അതേസമയം, 'ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും' എന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് തരൂരിന്റെ മറുപടി 'താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് അകത്തു നിന്നാണെന്നും തന്റെ പ്രവര്‍ത്തനം പാർട്ടി അംഗങ്ങൾക്ക് വേണ്ടിയാണെന്നു'മായിരുന്നു. ഇതിനിടെ തിരുവനന്തപുരം നഗരസഭയിലെ സമരവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തരൂർ സന്ദർശിച്ചു. ഇവർക്ക് ആവശ്യമായ നിയമസഹായം നൽകുമെന്ന് തരൂർ ഉറപ്പ് നൽകി.
എഐസിസി നേതാക്കളുടെയും ഘടകകക്ഷികളുടെയും പിന്തുണയുള്ളതിനാൽ കോൺഗ്രസ് നേതൃത്വവുമായി വേണ്ട കൂടിയാലോചനകൾ നടത്താതെയുള്ള പരിപാടികളിൽ പോലും നടപടിയെടുക്കാൻ നേതൃത്വത്തിനാകുന്നില്ല. പാർട്ടിയും തരൂരും രണ്ടായി പ്രവർത്തിക്കുന്നതു തടയിടാൻ കോൺഗ്രസ് അച്ചടക്കസമിതി തീരുമാനമെടുത്തെങ്കിലും ഡൽഹിയിൽ നിന്നുള്ള ഇടപെടലെത്തിയതോടെ തത്കാലം കണ്ടില്ലെന്നു വയ്ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. കെപിസിസി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ വൈകുന്നേരം വാർത്താസമ്മേളനം വിളിച്ചതും പിന്നാലെ വേണ്ടെന്നുവച്ചതും ഹൈക്കമാൻഡ് ഇടപെടലെത്തിയതിന് പിന്നാലെയാണെന്നു സൂചന.
തലസ്ഥാനത്തെ എംപിയായിട്ടും കോൺഗ്രസ് പരിപാടികളിൽ തരൂർ പങ്കെടുക്കാറില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഒളിയമ്പെയ്തതിനു പിന്നാലെയാണ് കോർപ്പറേഷനിൽ യുഡിഎഫ് നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തിൽ തരൂർ പങ്കെടുത്ത് വൻ സ്വീകരണം ഏറ്റുവാങ്ങിയത്. മലബാറിലും തലസ്ഥാനത്തും വിവിധ പരിപാടികളിൽ പങ്കെടുത്ത തരൂർ ഇനി പ്രതിപക്ഷ നേതാവിന്റെ തട്ടകത്തിലേക്കാണ് കടക്കുന്നത്. ഡിസംബര്‍ മൂന്നിന് കോട്ടയത്ത് തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുമുണ്ട്. ഇതിനൊപ്പം ജനുവരിയിൽ പെരുന്നയില്‍ നടക്കുന്ന മന്നം സമാധി സമ്മേളനത്തില്‍ മുഖ്യാതിഥിയും തരൂരാണ്.
ഇതിനും പുറമെയാണ് പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമൊപ്പം തരൂർ കൊച്ചിയിലേക്കെത്തുന്നത്. ഞായറാഴ്ച കൊച്ചിയിൽ പ്രൊഫണൽ കോൺഗ്രസിന്റെ സംസ്ഥാനതല കോൺക്ലേവിലാണ് മൂന്ന് നേതാക്കളും പങ്കെടുക്കുന്നത്. ഡോ എസ്.എസ് ലാലും മാത്യു കുഴൽനാടൻ എംഎൽഎയും മുഖ്യ സംഘാടകരായിട്ടുള്ള കോൺക്ലേവിൽ മുഖ്യ പ്രഭാഷകനാണു തരൂർ. കോൺക്ലേവിന്റെ ഉദ്ഘാടനം കെപിസിസി അധ്യക്ഷൻ കെ. സുധാകരനും ലീഡേഴ്സ് ഫോറത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിർവഹിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറുവരെ വിവിധ സെഷനുകളായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് നേതാക്കളും ഒരുമിച്ച് പങ്കെടുക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
കെപിസിസി നേതൃത്വവുമായി ചേർന്നു നിൽക്കുന്ന സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉൾപ്പെടെ ഇവരെ തിരിഞ്ഞു നോക്കുന്നില്ലെന്നും സമരം ഉപേക്ഷിച്ച് അദ്ദേഹം ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ ആഘോഷിക്കുകയാണെന്നും വിമര്‍ശനം ഉയരുമ്പോഴാണ് നേതൃത്വത്തിന് തരൂരിന്റെ മറ്റൊരു ഷോക്ക്. പത്തനംതിട്ടയടക്കം മറ്റു ജില്ലകളിലും തരൂരിന്റെ വിവിധ പരിപാടികൾ അണിയറയിൽ ഒരുങ്ങുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരില്‍ വച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തില്‍ തരൂരിനെതിരേയുള്ള ഓരോ നീക്കവും കരുതലോടെയാണ് കെപിസിസി കാണുന്നത്.