10 November, 2022 02:39:01 PM
കണ്ണീർവാതക ഷെല്ലിൽ മാരക രാസവസ്തുക്കൾ: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: നഗരസഭയിലെ താൽക്കാലിക നിയമനങ്ങളിലെ ക്രമക്കേടുകളിൽ പ്രതിഷേധമുന്നയിച്ച് യുവമോർച്ച നടത്തിയ മാർച്ചിൽ പങ്കുചേർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നതിനിടെയാണ് പാർട്ടി ജില്ലാ പ്രസിഡന്റ് വി. വി. രാജേഷിനൊപ്പം സുരേന്ദ്രൻ സ്ഥലത്തെത്തിയത്. കണ്ണീർവാതക ഷെല്ലുകളിലൊന്ന് സുരേന്ദ്രന് സമീപത്ത് വീണിരുന്നു.
വാതകം ശ്വസിച്ച് അസ്വസ്ഥതയിലായ നേതാക്കൾ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേരളത്തിന്റെ സമരചരിത്രത്തിലെ ഏറ്റവും മോശമായ പെരുമാറ്റമാണ് പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയതെന്നും കണ്ണീർവാതക ഷെല്ലിൽ ശക്തമായ രാസപദാർഥങ്ങളുപയോഗിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു. സമാധാനപരമായ പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തരെ പോലീസ് അകാരണമായി ഉപദ്രവിക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ പ്രസ്താവിച്ചു.
പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പോലീസ് നടപടിക്കെതിരെ പ്രതികരിച്ച നേതാക്കൾ സമരവേദിയിൽ തുടരുകയാണ്. മുതിർന്ന നേതാക്കൾ ജലപീരങ്കി പ്രയോഗത്തിനിടെ പ്രതിഷേധത്തിൽ ചേർന്നതോടെ ആവേശത്തിലായ പ്രവർത്തകർ വർധിതവീര്യത്തോടെ സ്ഥലത്ത് തുടരുകയാണ്.