04 November, 2022 03:51:17 PM
കോട്ടയത്തെ ആകാശപാത നിർമാണം ജില്ലാ കലക്ടറുടെ പരിഗണനയില്‍ എന്ന് സർക്കാർ
കൊച്ചി : കോട്ടയത്തെ ആകാശപാതയുടെ നിർമാണം ജില്ലാ കലക്ടറുടെ പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. തുടർനടപടി എന്തുവേണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയുമായി കൂടിയാലോചിച്ച് ജില്ലാ കലക്ടർ തീരുമാനിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിന്റെ മറുപടി ഹൈക്കോടതി രേഖപ്പെടുത്തി. തുടർന്ന് ഹർജി ഈ മാസം 28ന് പരിഗണിക്കുന്നതിനായി മാറ്റി
കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ ആവശ്യമില്ലങ്കിൽ പൊളിച്ച് കളഞ്ഞ് കൂടെയെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു. തുടർന്ന് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തിര റിപ്പോർട്ട് നല്കാനും സർക്കാരിനോട് ആവശ്യപ്പെട്ട് ഹർജി മാറ്റുകയായിരുന്നു. പാതി വഴിയിൽ പണി നിർത്തിയിരിക്കുന്ന ആകാശപാത പൊളിച്ചു മാറ്റുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഏ. കെ ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കക്ഷി ചേർന്നിരുന്നു. അദ്ദേഹം മുൻകൈയെടുത്താണ് ആകാശപ്പാത നിർമ്മാണം ആരംഭിച്ചത്.
ർക്കാർ മാറിയതോടെ 6 വർഷത്തോളമായി പണി മുടങ്ങിക്കിടക്കുകയായിരുന്നു. ആകാശ പാതയുടെ തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയെന്നും പണി പൂർത്തീകരിക്കുകയോ, അല്ലാത്ത പക്ഷം പണിത ഭാഗം പൊളിച്ചുകളയുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ആണ് സംസ്ഥാന സർക്കാരിനേയും, ജില്ലാ കളക്ടറേയും, റോഡ് സേഫ്റ്റി അതോററ്റിയെയും കക്ഷി ചേർത്ത് ആണ് കേസ് സമർപ്പിച്ചത്.