02 November, 2022 03:56:45 PM
ഫേസ്ബുക്കില്‍ വര്‍ക്ക് ഫ്രം ഹോം പരസ്യലിങ്ക് തുറന്നു; 57 കാരിക്ക് നഷ്ടമായത് 15.22 ലക്ഷം രൂപ
ഡോംബിവാലി സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. സെപ്തംബര്‍ 18 ന് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്‌ക്രോള്‍ ചെയ്യുമ്ബോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന പരസ്യം കണ്ടതിനെ തുടര്‍ന്നാണ് ലിങ്കില്‍ ക്ലിക്ക് ചെയ്തത്. അപ്പോള്‍ ഒരു സ്ത്രീയുടെ വാട്ട്‌സ്‌ആപ്പ് നമ്ബറിലേക്ക് റീഡയറക്‌ട് ചെയ്തു. മരിയ ഡി ലിയോണ്‍ ആണെന്ന് പരിചയപ്പെടുത്തിയ യുവതി തന്‍റെ സീനീയര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് മറ്റൊരു നമ്ബര്‍ നല്‍കി. രണ്ടാമത്തെ മൊബൈല്‍ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ ടെയിന്‍ ലൊജോറോ ആണെന്ന് പരിചയപ്പെടുത്തിയ ആള്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു.
ജോലിയുടെ ഭാഗമായി ആമസോണ്‍ ഉല്‍പന്നങ്ങള്‍ വാങ്ങേണ്ടി വന്നു. അതിന് 40 ശതമാനം കമ്മീഷന്‍ വാഗ്ദാനം ചെയ്തതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു. സെപ്തംബര്‍ മാസത്തില്‍ 15.22 ലക്ഷം രൂപയാണ് യുവതി ചെലവഴിച്ചത്. പിന്നീട് തട്ടിപ്പുകാര്‍ മൂന്ന് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിച്ചു. പണം തിരികെ നല്‍കുമെന്ന് പ്രതീക്ഷിച്ച് കുറച്ച് ദിവസം കാത്തുനിന്ന് ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു.