02 November, 2022 01:02:45 PM


ആളില്ലാത്ത നേരത്ത് സൈമൺ ബ്രിട്ടോയുടെ വീട് കുത്തിത്തുറന്ന് പൊലീസ്



കൊച്ചി: സൈമൺ ബ്രിട്ടോയുടെ വീട് ആളില്ലാത്ത നേരത്ത് കുത്തിത്തുറന്ന് പൊലീസ്. പൊലീസിനെതിരെ കമ്മീഷണർക്ക് പരാതി നൽകി സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്തപ്പോൾ വീട് പൊലീസ് കുത്തിത്തുറന്നുവെന്നാണ് പരാതി. കമ്മീഷണർക്കാണ് പരാതി നൽകിയത്. ഞാറയ്ക്കൽ പൊലീസിൽ നിന്നെന്ന് പറഞ്ഞ് ഒരു സംഘം പൊലീസ് വീട് കുത്തിത്തുറന്നുവെന്നാണ് സമീപവാസി കൂടെ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സീന പരാതി നൽകിയത്.

എറണാകുളം വടുതലയിലെ വീട്ടിലാണ് നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് സംഘം എത്തിയത്. കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരിൽ എത്തിയ സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ ആഭരണങ്ങൾ പിന്നാലെ കാണാതായെന്ന് പരാതിയിൽ പറയുന്നു. ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ചിലതും കാണാതായിട്ടുണ്ട്.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് ചില സാമൂഹ്യദ്രോഹികളുടെ സഹായത്തോടെ വീട് കുത്തിപ്പൊളിച്ചതെന്നും സീന ആരോപിക്കുന്നു. മകളുടെ പഠനാവശ്യത്തിനായി ഡൽഹിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പൊലീസ് എത്തിയത്. ഒരു മാസം മുൻപ് താൻ വീട് വാടകയ്ക്ക് നൽകിയിരുന്നതാണെന്നും പരാതിയിൽ പറയുന്നുണ്ട്.

അതേസമയം വീട് സൈമൺ ബ്രിട്ടോയുടേത് ആയിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. വീട് തുറക്കുന്ന സമയത്ത് സമീപവാസിയായ സ്ത്രീയെ പൊലീസ് ഒപ്പം നിർത്തിയിരുന്നു. പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനം ഈ വീട്ടിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K