23 October, 2022 09:50:07 PM


രാജി: ഗവർണറുടെ അന്ത്യശാസനം തള്ളാൻ വിസിമാരോട് സർക്കാർ ആവശ്യപ്പെടും



തിരുവനന്തപുരം: ഗവർണറുടെ അന്ത്യശാസനം തള്ളാൻ വിസിമാരോട് സർക്കാർ ആവശ്യപ്പെടും, ഗവർണറെ കോടതിയിൽ നേരിടാനും തീരുമാനം. സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വിസിമാരോട് നാളെ രാവിലെ 11.30നകം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാൻ സർക്കാർ. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് നീക്കം.

ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സർക്കാർ വൃത്തങ്ങൾ കൂടിയാലോചന തുടങ്ങി. രാജി വയ്ക്കേണ്ടെന്ന് വിസിമാർക്ക് സർക്കാർ നിർദേശം നൽകും. അതേസമയം വിസിമാർ അന്ത്യശാസനം തള്ളിയാൽ ഗവർണറുടെ അടുത്ത നടപടി നിർണായകമാണ്. വിസിമാരെ പുറത്താക്കി, സർവകലാശാലകളിലെ സീനിയർ പ്രൊഫസർമാർക്ക് ചുമതല നൽകുക എന്ന കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കുമോ എന്നതാണ് അറിയേണ്ടത്.

എല്ലാ സർവകലാശാലകളിലെയും സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ അടുത്തിടെ ശേഖരിച്ചിരുന്നു. രാജി വയ്ക്കില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. രാജിവയ്ക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി മാധ്യമങ്ങളോട് പ്രതികരിച്ചു. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ല എന്നായിരുന്നു കുസാറ്റ് വിസിയുടെ പ്രതികരണം.

ഇതിനിടെ, സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാർ ഡിജിറ്റൽ സർവകലാശാല വിസിക്ക് കൈമാറി. സുപ്രീംകോടതി സാങ്കേതിക സർവകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K