23 October, 2022 07:57:35 PM


ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ



തിരുവനന്തപുരം: ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ​ഗവർണർ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ​ഗവർണറുടെ നിർദേശം.

സർക്കാരിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടാൻ പരസ്യപ്രചരണത്തിന് നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തിൽ യോജിച്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് എൽഡിഎഫ് യോഗം ചേരുന്നത്. സാങ്കേതിക സ‍ർവകലാശാല വിസിയെ പുറത്താക്കിയ സുപ്രിം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്നതിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. എ.ജിയുടെയും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരുടെയും ഉപദേശം ആണ് ചോദിച്ചത്. സാങ്കേതിക സ‍ർവകലാശാലയിൽ ഇതുവരെ പകരം ചുമതലയും സർക്കാർ നൽകിയിട്ടില്ല.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി വീണ്ടും ബിജെപി രം​ഗത്തെത്തി. സുപ്രീംകോടതിയിൽ തോറ്റതിന് തെരുവിൽ ഇറങ്ങിയിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഗവർണർക്കെതിരായ സമരം നനഞ്ഞ പടക്കമാവുമെന്നുറപ്പാണ്. സുപ്രീം കോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നുകൂടി പറയാൻ മുഖ്യമന്ത്രിയും ഇടത് നേതാക്കളും തയ്യാറാകണം. വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാനാണ് ഇടതുപക്ഷം ഗവർണർക്കെതിരെ തെരുവിൽ സമരം ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഗവർണർക്ക് എതിരായ ഇടത് സമരത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ ശ്രമം. ഗവർണർക്കെതിരായ പരസ്യ പ്രതിഷേധത്തിനാണ് ഇടതുമുന്നണിയുടെ നീക്കം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K