21 October, 2022 12:18:22 AM


"ഗോമാതാ ഉലർത്ത്" വീഡിയോ; രഹ്ന ഫാത്തിമക്ക് എതിരായ കേസ് സ്റ്റേ ചെയ്യില്ല - ഹൈക്കോടതി



കൊച്ചി "ഗോമാതാ ഉലർത്ത്" എന്ന പേരിൽ പാചക വിഡിയോ ചെയ്ത രഹ്ന ഫാത്തിമയ്‌ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റർ ചെയ്ത എഫ് ഐ ആർ സ്റ്റേ ചെയ്യണമെന്ന രഹ്ന ഫാത്തിമയുടെ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് സ്റ്റേ ആവശ്യം നിരസിച്ചത്.


ബോധപൂർവം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി യൂട്യൂബ് ചാനല്‍ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി അഭിഭാഷകൻ രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.


കുട്ടികളെക്കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി അന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഈ സംഭത്തില്‍ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തിയാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരുന്നത്.


ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടർന്ന് രഹ്ന ശബരിമല ദർശനത്തിനെത്തിയത് വിവാദത്തിലായിരുന്നു. പിന്നാലെ ബിഎസ്എന്‍എല്‍ രഹ്നയെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K