19 October, 2022 11:38:32 PM


വി സി ഉത്തരവ് ഇറക്കിയില്ല: കേരള സര്‍വകലാശാല സെനറ്റിലെ 15 അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍



തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലെ 15 അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉത്തരവിറക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് രാജ്ഭവന്‍ ഉത്തരവിറക്കിയത്.15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച്‌ ഇന്ന് തന്നെ ഉത്തരവ് ഇറക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം കേരള സര്‍വകലാശാല തള്ളിയതോടെയാണ് ഗവര്‍ണര്‍ വീണ്ടും അസാധാരണ നടപടിയിലേക്ക് കടന്നത്.


15 സെനറ്റ് അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ ഇറക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസി ഇത് തള്ളുകയായിരുന്നു. വിസി ശബരിമല ദര്‍ശനത്തിന് പോയതാണെന്നും മറ്റാര്‍ക്കും ചുമതല നല്‍കാത്തതിനാല്‍ ഉത്തരവിറക്കാനാവില്ലെന്നുമായിരുന്നു സര്‍വകലാശാലയുടെ മറുപടി. ഈ സാഹചര്യത്തിലാണ് രാജ്ഭവന്റെ നടപടി.


ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവന്‍ ഇക്കാര്യം വൈസ് ചാന്‍സലറെ അറിയിച്ചു. ചാന്‍സലറെന്ന അധികാരം പ്രയോഗിച്ചാണ് താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ നേരത്തെ പിന്‍വലിച്ചത്. 15 അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയെങ്കിലും വിസിയായിരുന്നു വിജ്ഞാപനമിറക്കേണ്ടത്.


എന്നാല്‍ ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഉത്തരവില്‍ അവ്യക്തതയും നിയമ പ്രശ്‌നവും ഉള്ളതിനാല്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നായിരുന്നു വിസിയുടെ നിലപാട്. നവംബര്‍ നാലിന് സെനറ്റ് യോഗം ചേരുമ്ബോള്‍ ഈ അംഗങ്ങള്‍ക്ക് ഇനി പങ്കെടുക്കാന്‍ കഴിയില്ല. അതേസമയം ഗവര്‍ണറുടെ നടപടിക്കെതിരെ നിയമപരമായി നീങ്ങാനുള്ള തീരുമാനത്തിലാണ് പുറത്താക്കപ്പെട്ട അംഗങ്ങള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K