19 October, 2022 10:16:00 AM
സ്ത്രീകളെ ലക്ഷ്യമിട്ട് ലഹരിമാഫിയ; പിന്നില്‍ ആഫ്രിക്കന്‍ സംഘമെന്ന് എന്‍സിബി
ന്യൂഡല്‍ഹി: സ്ത്രീകളെ ലക്ഷ്യമിട്ട് ലഹരിമാഫിയ സംഘം പ്രവര്‍ത്തിക്കുന്നെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. പാവപ്പെട്ട സ്ത്രീകളെ വിവാഹം ചെയ്ത് രാജ്യത്ത് ലഹരി സംഘത്തിന്റെ കാരിയര്‍മാരായി ഉപയോഗിക്കുകയാണെന്നു എന്‍സിബി ഡെപ്യൂട്ടി ഡിജി ഗ്യാനേശ്വര്‍ സിംഗ് പറഞ്ഞു. ഏത്യോപ്യന്‍ സംഘത്തിന്റെ ഭാഗമായ ഡല്‍ഹി സ്വദേശിനി കഴിഞ്ഞ ദിവസം അറസ്റ്റിലായതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍.
ട്രോളി ബാഗില്‍ ഒളിപ്പിച്ചു കടത്തിയ 7 കിലോ കൊക്കെയ്നുമായാണ് യുവതി പിടിയിലായത്. മുപ്പത് കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലില്‍ ഇവരുടെ ഭര്‍ത്താവ് ഏത്യോപ്യന്‍ സ്വദേശിയാണെന്നു കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെ നാല് ഏത്യോപ്യന്‍ സ്വദേശികളെ മുംബൈയില്‍നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ ആഫ്രിക്കന്‍ സംഘമാണെന്ന് എന്‍സിബി അറിയിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ അന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലായതിനാല്‍ ഇന്ത്യയില്‍ ലഹരി വിതരണം ചെയ്യാന്‍ മയക്കുമരുന്നുമാഫിയ പുതിയ വഴി തേടിയെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ബംഗളൂരുവില്‍നിന്നും എന്‍സിബി സമാന രീതിയില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നെന്നും ഗ്യാനേശ്വര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.