18 October, 2022 07:55:43 PM


'ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കും': ഗവർണറുടെ ട്വീറ്റിനെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ സാധുവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​

ആരും ആരേയും വിമർശിക്കാൻ പാടില്ല എന്ന നില നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. വിമർശനത്തിനും സ്വയം വിമർശനത്തിനും അഭിപ്രായ പ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന. നമ്മുടെ രാജ്യം ഫെഡറൽ തത്ത്വങ്ങളാണ് പിന്തുടരുന്നത്. ഫെഡറൽ സംവിധാനത്തിൽ ഗവർണർ പദവിയുടെയും തെരഞ്ഞെടുത്തപ്പെട്ട മന്ത്രി സഭയുടെയും കർത്തവ്യവും കടമയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.   
കോടതി വിധികളിലൂടെ വ്യക്തതയും വരുത്തിയിട്ടുണ്ട്. 

മന്ത്രി സഭയുടെ ഉപദേശവും സഹായവും അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ് ഗവർണർ പദവി. ഗവർണറുടെ അധികാര പരിധി വളരെ ഇടുങ്ങിയതാണ്. മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അത് സാധുവല്ല, സാധുവാകുകയും ഇല്ല. സമൂഹത്തിന് മുന്നിൽ ​ഗവർണർ അപഹാസ്യമാകരുത്. കേരള സർവകലാശാല, ചാൻസിലർ എന്ന നിലയിൽ ആരോഗ്യകരമായ നടപടികളാണ് ഉണ്ടാകേണ്ടിയിരുന്നത്. സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് അടക്കമുള്ള ​ഗവർണറുടെ നടപടികൾ നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K