16 October, 2022 11:07:55 PM


'സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു'; എൽദോസ് കുന്നപ്പിള്ളിയ്ക്കെതിരെ വീണ്ടും പരാതി



തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ വീണ്ടും പരാതി. എംഎൽഎ ഭീഷണിപ്പെടുത്തിയതായാണ് പരാതിയിൽ പറയുന്നത്. ലൈംഗിക പീഡന കേസിലെ സാക്ഷിയാണ് പരാതി നൽകിയത്. ക്രൈം നന്ദകുമാർ, കോൺഗ്രസ് പ്രാദേശിക നേതാക്കളായ എൽദോസ് ചിറയ്ക്കൽ, ബിനോയ് അരീക്കൽ, എന്നിവർക്കെതിരേയും പരാതിയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു.

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിലിന് എതിരേ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. രണ്ട് അഭിഭാഷകർക്കും എല്‍ദോസിന്റെ സഹായിക്കും എതിരേ യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഈ മൂന്നു പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ അറസ്റ്റിന് തടസമില്ലെന്നാണ് വിലയിരുത്തൽ. അറസ്റ്റ് തടയണമെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ എല്‍ദോസ് ആവശ്യപ്പെട്ടിട്ടില്ല. കോടതി പ്രത്യേക പരാമര്‍ശവും നടത്തിയിട്ടില്ല. അറസ്റ്റിന് തടസമില്ലെന്നാണ് ക്രൈംബ്രാഞ്ചും വ്യക്തമാക്കുന്നത്. അറസ്റ്റിനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. എന്നാല്‍ അഞ്ച് ദിവസമായി എല്‍ദോസ് ഒളിവിലാണ്. എവിടെയെന്ന് കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ അടക്കം സഹായം തേടിയിട്ടുണ്ട്. പരാതിക്കാരി പ്രതിയും വാദിയുമായ കേസുകളുടെ വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.

ഈ മാസം ഇരുപതിനാണ് എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത്. എൽദോസ് കുന്നപ്പിള്ളിലിൽ ഒളിവിൽ തുടരുന്നതിനിടെയാണ് ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി പരിഗണിച്ചത്. എൽദോസിന് ജാമ്യം നൽകുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണി എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K