26 September, 2022 07:17:56 PM
സാമ്പത്തിക സംവരണം ഒരു ഭരണഘടനാ തട്ടിപ്പ് - ജസ്റ്റിസ് കെ ചന്ദ്രു
കൊച്ചി : ഭരണഘടനാ ഭേദഗതിയിലൂടെ മറ്റ് സംവരണം ഇല്ലാത്ത വിഭാഗങ്ങളിലെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പഠനത്തിനും ഉദ്യോഗത്തിനും സംവരണം അനുവദിച്ച നടപടിയെ ഒരു ഭരണഘടനാ തട്ടിപ്പായെ കാണാൻ കഴിയൂ എന്ന് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിച്ച ദാക്ഷായണി വേലായുധൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായ മുൻ മദ്രാസ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു അഭിപ്രായപ്പെട്ടു.
1951-ൽ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം സംവരണം അനുവദിക്കുന്ന മദ്രാസ് സംസ്ഥാന ഉത്തരവ് റദ്ദാക്കിയ ചെമ്പക ദുറെയ് രാജൻ കേസിലെ വിധിയും, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർ, പട്ടിക ജാതി പട്ടിക വർഗം എന്നീ വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കാൻ ഗവൺമെന്റിനെ പ്രാപ്തമാക്കുന്ന ഭരണഘടനയുടെ 15 (4) അനിശ്‌ചേതം വ്യാഖ്യാനിച്ചുകൊണ്ടുള്ള, വസന്തകുമാർ കേസിലെ സുപ്രീം കോടതി വിധി, സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രം സംവരണം പാടില്ലെന്ന് മണ്ഡൽ കേസിലെ വിധി എന്നിവയ്ക്ക് എതിരായ പുതിയ സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജഡ്ജിമാർ സമുദായ സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കുക, ദളിത് പിന്നോക്ക വിഭാഗ സംവരണത്തിനെതിരെ സംസാരിക്കുന്നവരെ മാനദണ്ഡം തെറ്റിച്ചു ഉന്നത കോടതിയിലേക്ക് ഉയർത്തുക, തുടങ്ങിയ അനേകം ദുഷ്പ്രവണതകൾ നമ്മുടെ ഭരണഘടനാധിഷ്ഠിത ഭരണ സംവിധാനത്തിൽ കടന്നു കൂടിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ദൈവനാമം ചേർക്കണം എന്ന ഭേദഗതിയെയും, ഇന്ത്യയെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കണം എന്ന ഭേദഗതിയെയും വോട്ടിനിട്ട് തള്ളിയ ഭരണഘടനാ നിർമാണ സഭയിൽ വനിതകൾ ശ്രെദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും അതിന് ദാക്ഷായണി വേലായുധൻ മുന്നിൽ ഉണ്ടായിരുന്നെന്നും സമ്മേളനം ഉൽഘാടനം ചെയ്ത വ്യവസായ നിയമ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.
വൈസ്-ചാൻസലർ പ്രൊഫ. കെ. സി. സണ്ണി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ദാക്ഷായണി വേലായുധന്റെ മകളും പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞയുമായ മീര വേലായുധൻ, പുത്രനും മുൻ അംബാസഡറുമായ കെ. വി. ഭഗീരഥ് , പ്രൊഫ. മിനി എസ്., ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ഡയറക്ടര്‍ ഡോ. അഭയചന്ദ്രൻ, സ്റ്റുഡന്റസ് കൗൺസിൽ ചെയർമാൻ ഫഹദ് അബ്ദുൾ റഹ്‌മാൻ, സ്പോര്‍ട്ട്സ് സെക്രട്ടറി സാന്ദ്ര എന്നിവർ സംസാരിച്ചു.