20 September, 2022 07:10:31 AM
ഗവർണർ ഹവാല കേസിലെ മുഖ്യപ്രതി; ദേശാഭിമാനിയിലും ജനയുഗത്തിലും രൂക്ഷ വിമർശനം
തിരുവനന്തപുരം: ഗവർണർ-മുഖ്യമന്ത്രി പോരിനു പിന്നാലെ ഗവർണർക്കെതിരെ ആഞ്ഞടിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയും സിപിഐ മുഖപത്രമായ ജനയുഗവും. നിലപാട് വിറ്റ് ബിജെപിയിലെത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണെന്നും ദേശാഭിമാനിയിൽ കുറ്റപ്പെടുത്തലുയർന്നു.
ജയിന് ഹവാലക്കേസിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാൻ. കേസില്‍ കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. എന്നിട്ടാണ് അഴിമതിയില്ലാത്ത ഇടതുപക്ഷത്തിനെതിരെ അദ്ദേഹം വരുന്നത്. ബിജെപിയുടെ കൂലിപ്പടയാളിയായി ആരിഫ് മുഹമ്മദ് ഖാൻ അസംബന്ധ നാടകം നയിക്കുന്നു. വിലപേശി കിട്ടിയ നേട്ടങ്ങളില്‍ മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിൽ വിമർശനം ഉയർന്നു.
അതേസമയം, ഗവര്‍ണര്‍ മനോനില തെറ്റിയവരെ പോലെ പെരുമാറുന്നുവെന്നാണ് ജനയുഗത്തിന്റെ മുഖപ്രസംഗത്തിലെ വിമർശനം. ഗവർണർ ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്നു. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ധൂര്‍ത്ത് ആരോപിക്കുന്നു. രാജ്ഭവന്റെയും ഗവര്‍ണറുടെയും ധൂര്‍ത്ത് വെബ്സൈറ്റില്‍ വ്യക്തമാകും. ഓരോ മാസവും ഗവര്‍ണര്‍ സംവിധാനത്തിന് ചെലവാക്കുന്നത് കോടികളാണ്. ഗവര്‍ണറെന്ന വാക്കിനോട് നീതി പുലര്‍ത്താതെ അദ്ദേഹം പുലഭ്യം പറയുന്നുവെന്നുമാണ് ജനയുഗത്തിലെ വിമർശനക്കുറിപ്പിലുള്ളത്.