17 September, 2022 04:52:52 PM


ഗവര്‍ണര്‍ തനിക്ക് ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങൾ ഒന്നും സത്യത്തിൽ ഇല്ല - കാനം രാജേന്ദ്രന്‍



തിരുവനന്തപുരം: ഗവർണർ സ്ഥാനം മറന്നുള്ള പ്രതികരണമാണ് നടത്തുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടന നൽകുന്ന അധികാരങ്ങൾ ഗവർണർക്കുണ്ട്. എന്നാൽ അതിനപ്പുറം ഉണ്ടെന്ന് ഭാവിക്കുന്നത് ശരിയല്ല. ജനാധിപത്യത്തിൽ ഇത് ഭൂഷണമല്ല. അദ്ദേഹം ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങൾ ഒന്നും സത്യത്തിൽ ഇല്ല. സർക്കാരിൻ്റെ അധിപനല്ല ഗവർണറെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

ഗവർണർ മഹാരാജാവ് അല്ല, കേന്ദ്രത്തിന്‍റെ ഏജന്‍റാണ്. ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാരും മുഖ്യമന്ത്രിയും പരമാവധി ശ്രമിച്ചു. ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർത്താൽ നന്ന്. ഗവർണർ പദവിയെ വേണ്ടെന്നത് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ പൊതുനിലപാടാണ്. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പ്രവർത്തിക്കാൻ കേന്ദ്രത്തിൻ്റെ ഇതുപോലൊരു ഏജന്റിനെ ആവശ്യമില്ല. ഏറ്റുമുട്ടൽ ഇല്ലാതെ പോകാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നുവെന്നും എന്നാലത് ദൗർബല്യമായി കാണണ്ടെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തുവന്നു. സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. ഉള്ള കാര്യം നേരെ മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രി. കര്‍ട്ടനു പുറകില്‍നിന്ന് കളിക്കുന്നവരല്ല നല്ല കമ്യൂണിസ്റ്റുകാരെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമ‍ർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നു. ഗവർണർ സർക്കാരിനും സർവകലാശാലക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. ജനങ്ങളുടെ കൺമുന്നിലുള്ള കാര്യങ്ങൾ ഗവർണർ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവർണർ പദവിയോട് ആദരവ് കാണിക്കാറുണ്ട്, പക്ഷെ പദവിക്ക് നിരക്കാത്ത സമീപനം ഗവർണറിൽ നിന്ന് ഉണ്ടാകുന്നു. ഗവർണർ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K