16 September, 2022 07:49:36 PM


'എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്?' ; ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് അസംബന്ധമാണ് ഗവർണർ എഴുന്നള്ളിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതിൽപ്പരം അസംബന്ധം ഒരാൾക്കു പറയാനാകുമോ. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനമെന്നും അദ്ദേഹം പറഞ്ഞു. പേഴ്സണൽ സ്റ്റാഫിന്‍റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ടാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.  

മുഖ്യമന്ത്രിയുടെ അറിവോടെയാണോ ബന്ധു അപേക്ഷിക്കുന്നതെന്ന് പിണറായി വിജയൻ ചോദിച്ചു. ബന്ധുവായതു കൊണ്ട് അപേക്ഷിക്കാൻ കഴിയില്ലെന്നു പറയാൻ ഇദ്ദേഹത്തിന് എന്തധികാരം. ഭീഷണി സ്വരത്തിൽ പറയുന്നതാരാണ്. ആരാണ് ഭീഷണി സ്വരത്തിൽ സംസാരിക്കുന്നത് എന്ന് നാട് കാണുന്നു. അവരവർക്ക് എന്തേലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നിൽക്കുക ആയിരുന്നു ഇത് വരെ. അതും കിട്ടിക്കണ്ടിട്ടില്ല. എന്തും വിളിച്ചു പറയാവുന്ന കേന്ദ്രമാണോ ഇത്. എന്താണ് അദേഹത്തിന് സംഭവിക്കുന്നത്. അത് പരിശോധിക്കണം. അല്ലെങ്കിൽ പരിശോധിപ്പിക്കണം. സംഘടനകളെ നിരോധിക്കാമെന്നാണോ കരുതുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

യൂറോപ്പ് യാത്രയെ ന്യായീകരിച്ചും മുഖ്യമന്ത്രി രംഗത്തെത്തി. വിദ്യാഭ്യാസ- വ്യാവസായ വികസനത്തിനുവേണ്ടിയാണ് വിദേശയാത്ര നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫിൻലൻഡ്, നോർവേ ലണ്ടൻ, പാരീസ് എന്നിവിടങ്ങൾ സന്ദർശിക്കും. ഒക്ടോബർ ഒന്നു മുതൽ 14 വരെയാണ് സന്ദർശനം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും സംഘത്തിൽ ഉണ്ടാകും. സൈബർ രംഗത്തും ടൂറിസത്തിലും സഹകരണത്തിന് ശ്രമം. ഫിഷറീസ് വ്യവസായ ആരോഗ്യ മന്ത്രിമാരും പങ്കെടുക്കും. ടൂറിസം മന്ത്രി പാരീസ് സന്ദർശിക്കും. വിദേശയാത്ര പലപ്പോഴും വിവാദമായി മാറിയിട്ടുണ്ട്. പക്ഷേ വസ്തുതകൾ പരിശോധിക്കണം. റൂം ഫോർ റിവർ സംസ്ഥാനത്ത് ഘട്ടം ഘട്ടമായി നടപ്പാക്കും. ഡി പി ആറിന്‍റെ കരട് തയാറായി. രണ്ടു വർഷം കൊണ്ട് മുന്നേറാൻ കഴിഞ്ഞു. പ്രളയ തീവ്രത കുറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ വിദേശയാത്രകൾ ഫലം കണ്ടുവെന്നും പിണറായി പറഞ്ഞു.

നായ്ക്കളെ കൊന്നൊടുക്കി പ്രശ്നം പരിഹരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളർത്തു നായ്ക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. തെരുവ് നായ്ക്കളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പേ വിഷ ബാധയേറ്റ് ഈ വർഷം 21 പേർ മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 15 പേർ വാക്സിൻ എടുക്കാത്തവരാണ്. മരണങ്ങൾ വിദഗ്ധ സമിതി അന്വേഷിക്കും സംസ്ഥാനത്ത് വാക്സിൻ ഉപയോഗം 50 ശതമാനം കൂടിയെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് സാമൂഹിക വിപത്തായി മാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി ഉപയോഗം വർധിക്കുന്നത് ഗൗരവത്തോടെ കാണുന്നു. മയക്കു മരുന്നിനെതിരേ ഒക്ടോബർ രണ്ടു മുതൽ കർമ പദ്ധതി നടപ്പാക്കും. നവംബർ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ചങ്ങല സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K