11 September, 2022 07:34:39 PM
എം സി റോഡ് പരിപാലനപദ്ധതി ഉദ്ഘാടനം ചൊവ്വാഴ്ച്ച ഏറ്റുമാനൂരിൽ
കോട്ടയം: സംസ്ഥാന സർക്കാർ പുതുതായി ആവിഷ്‌കരിച്ച റോഡ് സംരക്ഷണത്തിനായുള്ള ഒ പി ബി ആർ സി പദ്ധതിയിൽ ഉൾപ്പെടുത്തിയ എം സി റോഡ് പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച്ച നടക്കുമെന്ന് സഹകരണ സാംസ്‌കാരിക രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു. എം സി റോഡിന്‍റെ കോടിമത- അങ്കമാലി റീച്ചിന്‍റെയും, ഇതോടൊപ്പം മാവേലിക്കര - ചെങ്ങന്നൂർ റോഡ്, ചെങ്ങന്നൂർ - കോഴഞ്ചേരി റോഡ് എന്നിവയുടെ ഏഴുവർഷ പരിപാല പദ്ധതിയുടെ ഉദ്ഘാടനമാണ് ചൊവ്വാഴ്ച്ച പൊതുമരാമത്ത് ടൂറിസം യുവജന ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നത്.
ഏറ്റുമാനൂർ ജംഗ്ഷനിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സഹകരണ സാംസ്‌കാരിക രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണാജോർജ് മുഖ്യപ്രഭാഷണം നടത്തും. പരിപാലനപദ്ധതി അനുസരിച്ച് ഏഴുവർഷത്തേയ്ക്കാണ് റോഡിന്‍റെ ചുമതല കരാറുകാരന് കൈമാറുക. ഇതനുസരിച്ച് റോഡിന്‍റെ പരിപാലനം പൂർണ്ണമായും ഇവർ നിർവ്വഹിക്കും. ആദ്യത്തെ ഒൻപതു മാസം കൊണ്ട് ആദ്യഘട്ട പണികൾ പൂർത്തീകരിക്കാമെന്ന വ്യവസ്ഥയിലാണ് ജോലി ഏൽപ്പിച്ചിരിക്കുന്നത്. രാജി മാത്യു പാംബ്ലാനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
73.83 കോടി രൂപയ്ക്കാണ്107.753 കിലോമീറ്റർ റോഡ് ഏഴു വർഷത്തെ പരിപാലന ചുമതലയ്ക്കായി കരാർ നൽകിയിരിക്കുന്നത്. പദ്ധതിയുടെ മേൽ നോട്ടം പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗമാണ് നിർവ്വഹിക്കുക.
ഏറ്റുമാനൂർ മണ്ഡലത്തെയും പുതുപള്ളി മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന കമ്പനിക്കടവ് പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ പൂർത്തായി. ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുക. ടെൻഡർ പൂർത്തീകരിച്ച ഇതിന്റെ ജോലികൾ ഉടൻ ആരംഭിക്കും. 10.90 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
ഏറ്റുമാനൂർ നഗരത്തിലെ ഗതാഗതകുരുക്ക് പരിഹാരമാവുന്ന പട്ടിത്താനം മണർകാട് ബൈപാസിന്‍റെ അവസാന റീച്ചിന്‍റെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. ഈ മാസം റോഡ് ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കഴിയും. ഇല്ലിക്കൽ തിരുവാർപ്പ് റോഡിലെ ചേരിക്കൽ പാലം, അയ്മനം ഗ്രാമ പഞ്ചായത്തിലെ അമ്പാടി ചാമത്തറ ജയന്തി റോഡ്, തിരുവാറ്റ കല്ലുമട റോഡ് , ഏറ്റുമാനൂരിലെ ചുമടു താങ്ങി റോഡ് എന്നിവ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞു. കുടയംപടി പരിപ്പ് റോഡ്, ചീപ്പുങ്കൽ മണിയാപറമ്പ് റോഡ് എന്നിവയുടെ പണികൾ അവസാന ഘട്ടത്തിലാണ്.
റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ എട്ടു റോഡുകളുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഏറ്റുമാനൂർ പി എച്ച് സിയുടെ പുതിയ ഒ പി കാഷ്വാലിറ്റി ബ്‌ളോക്കുകളുടെ നിർമ്മാണ ഉദ്ഘാടനം പതിമൂന്നിന് രാവിലെ 11 മണിക്ക് നിർവ്വഹിക്കും. രണ്ട് കോടി എഴുപത്തിയെട്ട് ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. ഇൻകെല്ലാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്.