11 September, 2022 07:32:42 AM


ആന്‍റിമൈക്രോബിയല്‍ പ്രതിരോധം കൂടി: ഇന്ത്യക്കാരിൽ പല മരുന്നുകളും ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് പഠനം



ന്യൂഡൽഹി: ഇന്ത്യയിലെ ആളുകളില്‍ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തില്‍ സുസ്ഥിരമായ വളര്‍ച്ച ഉണ്ടായതായി ഐസിഎംആര്‍ പഠനം. ഇതുമൂലം പല രോഗങ്ങള്‍ക്കും നിലവില്‍ നല്‍കികൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒരു വലിയ വിഭാ​ഗം ആളുകളില്‍ ഇനി ഫലം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ഐസിഎംആര്‍ പഠനത്തില്‍ പറയുന്നത്.

ഐസിഎംആര്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌, ഇ കോളി ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഇമിപെനത്തിനെതിരെയുള്ള പ്രതിരോധം 2016ല്‍ 14ശതമാനമായിരുന്നെങ്കില്‍ 2021ല്‍ അത് 36ശതമാനമായി വര്‍ദ്ധിച്ചു. ന്യുമോണിയ, സെപ്‌റ്റിസീമിയ എന്നിവയെ ചികിത്സിക്കാന്‍ ഐസിയു രോ​ഗികള്‍ക്കടക്കം നല്‍കുന്ന ആന്‍റിബയോട്ടിക്കായ കാര്‍ബപെനം ഒരു വലിയ വിഭാഗം രോഗികള്‍ക്ക് പ്രയോജനം ചെയ്യില്ലെന്നാണ് ആളുകളുടെ ആന്റിമൈക്രോബിയല്‍ പ്രതിരോധം വിശകലനം ചെയ്തുള്ള പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

സി. പാരാപ്‌സിലോസിസ്, സി. ഗ്ലാബ്രറ്റ തുടങ്ങിയ നിരവധി ഫംഗസ് രോഗാണുക്കള്‍ ഫ്ലൂക്കോണസോള്‍ പോലെയുള്ള പൊതുവെ ലഭ്യമായ ആന്റിഫംഗല്‍ മരുന്നുകളോട് പ്രതിരോധം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ അടുത്ത കുറച്ച്‌ വര്‍ഷങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം ആവശ്യമാണെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ച്‌ പൂര്‍ത്തിയാക്കിയ പഠനത്തില്‍ ആളുകളില്‍ മരുന്നുകളോടുള്ള പ്രതിരോധശേഷി വര്‍ദ്ധിച്ചത് നിലവില്‍ ചികിത്സിച്ചുവരുന്ന പല രോഗങ്ങളും ഇപ്പോള്‍ ലഭ്യമായിട്ടുള്ള മരുന്ന് ഉപയോഗിച്ച്‌ നിയന്ത്രിക്കാന്‍ എളുപ്പമായിരിക്കില്ലെന്നാണ് ഐസിഎംആറിലെ മുതര്‍ന്ന് ശാസ്ത്രജ്ഞ ഡോ. കാമിനി പറയുന്നത്. ഉടനടി ശരിയായ മുന്‍കരുതലും നടപടികളും സ്വീകരിച്ചില്ലെങ്കില്‍ ആന്റിമൈക്രോബിയല്‍ പ്രതിരോധം വരും കാലങ്ങളില്‍ ഒരു മഹാമാരിയോളം വലിയ വിപത്തായി തീരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K