09 September, 2022 07:05:46 PM
ജബല്‍പുര്‍ ബിഷപ്പിന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ്; 1.65 കോടി രൂപ കണ്ടെത്തി
ജബല്‍പുര്‍: ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ ബിഷപ്പ് പി.സി സിങ്ങിന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ്. മധ്യപ്രദേശ് പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് രൂപയും വിദേശ കറന്‍സികളും പിടിച്ചെടുത്തു. 1.65 കോടിരൂപയും 14.3 ലക്ഷം രൂപ മൂല്യമുള്ള അമേരിക്കന്‍ ഡോളറും 118 ബ്രിട്ടീഷ് പൗണ്ടും 80.72 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളുമാണ് പിടിച്ചെടുത്തത്. ഇതിനുപുറമേ വിവിധ വസ്തുവകകളുമായും 48 ബാങ്ക് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തിയതായി ജബൽപൂർ ഇഒഡബ്ല്യു പോലീസ് സൂപ്രണ്ട് ദേവേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.
ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ(ജബല്‍പുര്‍ രൂപത) ചെയര്‍മാനായ പി.സി.സിങ്ങിനെതിരേയും സ്ഥാപനത്തിലെ മുന്‍ രജിസ്ട്രാറായ ബി.എസ്. സൊളാങ്കിക്കെതിരേയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞമാസം കേസെടുത്തിരുന്നു. രൂപതയ്ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പിരിച്ചെടുത്ത തുക വകമാറ്റി ചെലവഴിച്ചെന്നും വ്യാജരേഖകള്‍ ചമച്ചെന്നുമുള്ള പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ജബല്‍പുര്‍ നേപ്പിയര്‍ ടൗണിലെ വീട്ടിലും ഓഫീസിലും മധ്യപ്രദേശ് പോലീസ് സംഘം റെയ്ഡ് നടത്തിയത്.
കേസില്‍ പ്രതിയായ പി.സി. സിങ് നിലവില്‍ ജര്‍മനിയിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. റെയ്ഡ് നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍നിന്ന് ഫീസിനത്തില്‍ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ പി.സി. സിങ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചെന്നാണ് കണ്ടെത്തല്‍.
2005 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഏകദേശം 2.70 കോടി രൂപയോളമാണ് വിദ്യാര്‍ഥികളില്‍നിന്ന് ഫീസായി പിരിച്ചെടുത്തിരുന്നത്. എന്നാല്‍ ഈ പണം മറ്റുസ്ഥാപനങ്ങളുടെ ആവശ്യത്തിനും ബിഷപ്പിന്റെ സ്വന്തം ആവശ്യങ്ങള്‍ക്കുമായി ചെലവഴിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് ബിഷപ്പ് അടക്കം രണ്ടുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.