07 September, 2022 04:40:48 PM
ആചാര തനിമയോടെ ഉത്രാടക്കിഴി: 74-ാം തവണയും ഏറ്റുവാങ്ങി സൗമ്യവതി തമ്പുരാട്ടി
കോട്ടയം: വയസ്ക്കര ഇല്ലത്തെ സൗമ്യവതി തമ്പുരാട്ടിയ്ക്ക് ആചാര തനിമയോടെ ഉത്രാടക്കിഴി സമർപ്പിച്ചു. സാംസ്ക്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവനും, കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനും കോട്ടയം വയസ്ക്കര ഇല്ലത്ത് എത്തിയാണ് ഉത്രാടക്കിഴി സമർപ്പിച്ചത്. ഒപ്പം ഓണക്കോടി അടക്കം മറ്റ് സമ്മാനങ്ങളും കൈമാറി. 83 കാരിയായ സൗമ്യവതി തമ്പുരാട്ടി ഇത് 74-ാം തവണയാണ് കിഴി ഏറ്റുവാങ്ങുന്നത്.
കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് ഓണത്തോട് അനുബന്ധിച്ച് നല്‍കി വന്നിരുന്ന സമ്മാനമാണ് ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്‍റെ പിന്‍മുറക്കാരിയെന്ന നിലയ്ക്കാണു വയസ്കര രാജരാജവര്‍മയുടെ ഭാര്യ സൗമ്യവതി തമ്പുരാട്ടിക്കു ഉത്രാടക്കിഴി നൽകുന്നത്. കോട്ടയം ജില്ലയില്‍ ഒരാള്‍ക്കു മാത്രമാണു ഇത് ലഭിക്കുന്നത്.
1001 രൂപയടങ്ങിയ കിഴിയാണ് കൈമാറുന്നത്. 14 രൂപയായിരുന്ന കിഴി ആയിരം രൂപയായി പിന്നീട് വര്‍ധിപ്പിച്ചതാണ്. തൃശൂര്‍ ട്രഷറിയില്‍നിന്നാണു തുക അനുവദിക്കുന്നത്. തൃശൂര്‍ കലക്ടറുടെ പ്രത്യേക പ്രതിനിധിയാണ് കോട്ടയം താലൂക്ക് ഓഫീസില്‍ തുക നേരിട്ട് എത്തിച്ചത്.