04 September, 2022 01:05:43 PM
മാഗ്സസെ അവാര്‍ഡ് നിരസിച്ച സംഭവം സ്ഥിരീകരിച്ച് മുന്‍മന്ത്രി കെ.കെ. ഷൈലജ
കണ്ണൂര്‍: മാഗ്സസെ അവാര്‍ഡ് നിരസിച്ച സംഭവം സ്ഥിരീകരിച്ച് മുന്‍മന്ത്രി കെ.കെ. ഷൈലജ. പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് അവാര്‍ഡ് നിരസിച്ചതെന്നും കെ.കെ. ഷൈലജ അറിയിച്ചു. കേന്ദ്ര-സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. നിരസിച്ചത് കൂട്ടായ തീരുമാനമാണെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് നിപ, കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കുന്നതിന് മുന്നിൽ നിന്ന് ഫലപ്രദമായി നേതൃത്വം നൽകുന്ന പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധയ്ക്കും സേവനത്തിനുമാണ് രമൺ മഗ്സസെ അവാർഡ് ഫൗണ്ടേഷൻ കെ.കെ. ഷൈലജയെ തേടിയെത്തിയത്.
ഷൈലജയെ അവാർഡിന് പരിഗണിക്കുന്ന കാര്യം ജൂലൈ മാസത്തിൽ തന്നെ ഫൗണ്ടേഷൻ അറിയിച്ചിരുന്നു. പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചു കൊണ്ട് മുൻ മന്ത്രിക്ക് അയച്ച ഇ മെയിലിൽ, അവാർഡ് സ്വീകരിക്കാനുള്ള സന്നദ്ധത രേഖാമൂലം അറിയിക്കാനും ഫൗണ്ടേഷൻ ആവശ്യപ്പെട്ടിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ അവർ ഇക്കാര്യം പാർട്ടിയെ അറിയിച്ചു. പിന്നീട് വിഷയം പാർട്ടി നേതൃത്വവുമായി ചർച്ചയും ചെയ്തു. പിന്നാലെയാണ് അവാർഡ് സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.