01 September, 2022 07:24:13 AM
നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന് കൂട്ടുനിൽക്കില്ല - കെ മുരളീധരൻ
തിരുവനന്തപുരം: നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോൺഗ്രസ് കൂട്ടുനിൽക്കില്ലെന്ന് കെ മുരളീധരൻ എം പി. നെഹ്റു കുടുംബമാണ് കോൺഗ്രസിന്‍റെ അവസാനവാക്ക്. കോൺഗ്രസിൽ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചിലർ മുന്നോട്ടുവരുന്നത്. ജനാധിപത്യ മത്സരങ്ങൾ മുൻപും പാർട്ടിയിൽ ഉണ്ടായിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
നെഹ്റു ഫാമിലി ഒരു മതേതര കുടുംബമാണ്. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പാരമ്പര്യം പേറുന്ന കുടുംബമാണ് നെഹ്റു കുടുംബം. അങ്ങനെയുള്ള ഒരു കുടുംബത്തെ സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല. ഒരു കോൺഗ്രസുകാരനും അങ്ങനെ കരുതാൻ സാധിക്കില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.
നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താൻ ഇന്ത്യയിലെ ഒരു കോൺഗ്രസ് പ്രവർത്തകനും അനുവദിക്കില്ല. കോൺഗ്രസ് തലപ്പത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും നെഹ്റു കുടുംബമാണ് പാർട്ടിയുടെ കരുത്ത്. ജനാധിപത്യ പാർട്ടികളിൽ മത്സരം മുൻപും ഉണ്ടായിട്ടുണ്ട്. പാർട്ടിയിലെ അന്തിമ വാക്ക് നെഹ്റു കുടുംബത്തിന്‍റെ ആണെന്നും കെ മുരളീധരൻ എം പി കൂട്ടിച്ചേർത്തു.