30 August, 2022 08:50:26 PM
'ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആധാര്‍ പരിശോധിക്കാനാവില്ല'; പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നല്‍കി കോടതി
ന്യൂഡൽഹി: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു മുന്‍പ് ജനനത്തീയതി പരിശോധിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു ജാമ്യം നല്‍കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് പങ്കാളിയുടെ ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ നോക്കി പ്രായം പരിശോധിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. അതിന്റെ ആവശ്യവുമില്ല. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസാണോ ഇതെന്ന് സംശയമുണ്ട്. പരാതിക്കാരിക്ക് പല രേഖകളില്‍ പല ജനനത്തീയതിയാണ്. തെറ്റായ ജനനതീയതി കാണിച്ച് തന്നെ കേസില്‍ കുടുക്കാനുള്ള നീക്കമാണിതെന്ന പ്രതിയുടെ സംശയം ന്യായമാണ്.
ആധാര്‍ കാര്‍ഡില്‍ 01.01.1998 ആണ് പരാതിക്കാരിയുടെ ജനന തീയതി. അതുകൊണ്ട് തന്നെ സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്. ഇവരുടെ അക്കൗണ്ടിലേക്ക് വലിയ തോതില്‍ പണം വന്നിട്ടുണ്ട്. ഇത് ഹണി ട്രാപ്പ് കേസാണോ എന്ന് അന്വേഷിക്കണം. വ്യത്യസ്തമായ ജനനത്തീയതികളും അക്കൗണ്ടിലേക്കെത്തിയ പണവും അന്വേഷിക്കാന്‍ കോടതി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വേറെ ആര്‍ക്കെങ്കിലും എതിരെ ഇവര്‍ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. പ്രതിക്ക് 20,000 രുപയുടെ ബോണ്ടില്‍ ജാമ്യം നല്‍കാനാണ് കോടതി നിര്‍ദേശം. കൃത്യമായ ഇടവേളയില്‍ പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണം. രാജ്യം വിടരുതെന്നും പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്നും കോടതി ജാമ്യ വ്യവസ്ഥകളില്‍ പറഞ്ഞു.