28 August, 2022 02:07:06 PM


എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി; മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടായേക്കും

 

തിരുവനന്തപുരം: എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ്,  പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്. നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് എം വി ഗോവിന്ദൻ. മന്ത്രിസഭാ പുനഃസംഘടന അടുത്ത സെക്രട്ടറിയേറ്റ് തീരുമാനിക്കും. 

എം. വി. ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ ജില്ലയിലെ മൊറാഴയിൽ 1953 ഏപ്രിൽ 23 ന് കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി ജനിച്ചു. ബാലസംഘത്തിന്റെയും ലൈബ്രറി പ്രസ്ഥാനത്തിന്റെയും പ്രവർത്തകനായിരുന്ന അദ്ദേഹം കെഎസ്എഫ് അംഗവും കണ്ണൂർ ജില്ലാ യൂത്ത് ഫെഡറേഷന്റെ ഭാരവാഹിയുമായിരുന്നു. ഡിവൈഎഫ്ഐയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 

കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന അധ്യക്ഷൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ, സി പി എം കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറി,  സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തിരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയിൽവാസമനുഭവിച്ചു. തളിപ്പറമ്പിൽ നിന്ന് 1996, 2001 കാലങ്ങളിൽ നിയമസഭയിലെത്തി. മികച്ച നിയമസഭാ സാമാജികനാണ്. 

ഇന്ത്യൻ തത്ത്വചിന്തയിലെ വൈരുദ്ധ്യാത്മക മെറ്റീരിയലിസം, സ്വതന്ത്ര രാഷ്ട്രീയം, ചൈനാ ഡയറി, യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, കാർഷിക തൊഴിലാളി യൂണിയൻ - അന്നും ഇന്നും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം, മാർക്സിസ്റ്റ് ദർ യശനം ഇന്ത്യൻ പശ്ചാത്തലത്തിൽ,  എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

മികച്ച വാഗ്മിയും സംഘാടകനും
സൈദ്ധാന്തികനുമാണ്. നിലവിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്     മന്ത്രിയാണ്. കുറഞ്ഞ കാലം കൊണ്ടു തന്നെ ഭരണമികവ് തെളിയിക്കാൻ ഗോവിന്ദൻ മാസ്റ്റർക്ക് കഴിഞ്ഞു. വകുപ്പുകളിൽ ശ്രദ്ധേയ മാറ്റങ്ങൾ കൊണ്ടു വരാനും കൂടുതൽ ജനസൗഹൃദമാക്കാനും കഴിഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K