28 August, 2022 06:42:07 AM


ട്രയിനിന് മുന്നില്‍ 12 ആനകള്‍; വന്‍ അപകടത്തിന് തടയിട്ട് ലോക്കോ പൈലറ്റുമാര്‍



റാഞ്ചി: രണ്ട് ലോക്കോ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാന്‍ സാധിച്ചത് ഒരു ഡസന്‍ ആനകളുടെ ജീവന്‍. വനത്തിന് സമീപത്ത് കൂടിയുള്ള റെയില്‍പ്പാത മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആനക്കൂട്ടത്തെ തൊട്ടുമുന്നില്‍ കണ്ട് നിമിഷങ്ങള്‍ പോലും പാഴാക്കാതെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചാണ് ലോക്കോ പൈലറ്റുമാര്‍ വലിയ അപകടത്തിന് തടയിട്ടത്. 

ജാര്‍ഖണ്ഡിലെ പലാമു ടൈഗര്‍ റിസര്‍വിലാണ് സംഭവം നടന്നത്. ഹൗറജബല്‍പൂര്‍ ശക്തിപുഞ്ച് എക്‌സ്പ്രസ് കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ ഏകദേശം 70 കിലോമീറ്റര്‍ വേഗതയില്‍ പിടിആറിലെ നിബിഡ വനത്തിലൂടെ പശ്ചിമ ബംഗാളിലേക്ക് പോകുമ്പോഴാണ് ചിപ്പദോഹര്‍, ഹെഹെഗാര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ആനക്കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഒരു വലിയ ആനക്കൂട്ടം ട്രെയിനിന് വട്ടം ചാടിയത്.

ആനക്കൂട്ടം പാളം മുറിച്ചുകടക്കുന്നത് ലോക്കോമോട്ടീവ് പൈലറ്റുമാരായ എ കെ വിദ്യാര്‍ത്ഥിയുടേയും രജനികാന്ത് ചൗബയുടേയും ശ്രദ്ധയില്‍പ്പെട്ടതാണ് അപകടമൊഴിവാക്കിയത്. തൊട്ടുമുന്നില്‍ ആനക്കൂട്ടത്തെ കണ്ട ഇവര്‍ ഉടന്‍ എമര്‍ജന്‍സ് ബ്രേക്ക് ആഞ്ഞുവലിച്ചു. ആനക്കൂട്ടത്തിന് ഏകദേശം 60 മീറ്റര്‍ അകലെയായി ട്രെയിന്‍ നിന്നു. 12 ആനകളും പാളം മുറിച്ചുകടന്നതിന് ശേഷമാണ് പിന്നീട് ട്രെയിന്‍ തിരിച്ചത്. 1,129.93 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന റിസര്‍വില്‍ 250-ല്‍ അധികം ആനകളുണ്ടെന്നാണ് കണക്കുകള്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K