27 August, 2022 05:07:51 AM
കണ്ണൂർ വിസിയുടെ പുനർനിയമന തീരുമാനം തെറ്റിപ്പോയെന്നു ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമന തീരുമാനം തെറ്റായിപ്പോയെന്ന സ്വയം വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസി രാഷ്ട്രീയ യജമാനന്മാരുടെ താത്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇതാണ് തന്റെ ചുമതലയെന്നാണ് വിസി കരുതുന്നത്.
വിസി സ്ഥിരം കുറ്റം ചെയ്യുന്നയാളാണ്. അദ്ദേഹത്തിനു നിയമമല്ല പ്രധാനം. രാഷ്ട്രീയക്കാരനെപ്പോലെ കേന്ദ്ര സർക്കാരിനെ വിർമശിക്കുകയാണെന്നും വിസി പാർട്ടി കേഡറാണെന്നും വിവിധ സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ഗവർണർ ആരോപിച്ചു. സ്വന്തം ജില്ലയിലെ സർവകലാശാലയാണെന്നു പറഞ്ഞ് മുഖ്യമന്ത്രി പലവട്ടം നിർബന്ധിച്ചതിനാലാണ് ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലറായി പുനർ നിയമനം നൽകിയതെന്നു ഗവർണർ ആവർത്തിച്ചു.
മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചു ഗോപിനാഥ് രവീന്ദ്രന് വിസി നിയമനത്തിൽ വെയ്റ്റേജ് നൽകാമെന്ന് പറഞ്ഞിരുന്നു. പാനലിൽ ഗോപിനാഥ് രവീന്ദ്രന്റെ പേരുണ്ടായിരുന്നില്ല. പിന്നീട് ഉന്നതവിദ്യാഭ്യാസമന്ത്രി, അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സഹിതം സെർച്ച് കമ്മിറ്റി റദ്ദാക്കാൻ കത്തു നൽകി. മനഃസാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സമ്മർദമുണ്ടായി. ഇനി സർക്കാർ ഇടപെടലുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതിനാലാണ് ചാൻസലർ പദവിയിൽ തുടർന്നത്.
കേരള സർവകലാശാലാ വിസി നിയമനവുമായി മുന്നോട്ടുപോവും. താൻ രൂപീകരിച്ച രണ്ടംഗ സെലക്ഷൻ കമ്മിറ്റി ചട്ടപ്രകാരമുള്ളതാണ്. ആവശ്യപ്പെട്ടിട്ടും സർവകലാശാല പ്രതിനിധിയെ നൽകിയില്ല. നൽകിയാൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ആസൂത്രണ ബോർഡ് ഉപാധ്യക്ഷനെ ചാൻസലറുടെ നോമിനിയാക്കണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ രാജ്ഭവനിലെത്തി ആവശ്യപ്പെട്ടിരുന്നു. ഇത് മിനുറ്റ്സിൽ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ നടപടിയെടുത്തു. പിന്നാലെ സർവകലാശാലാ സെനറ്റ് സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന് പ്രമേയം പാസാക്കിയതിൽ വൈരുധ്യമുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാവർഗീസിനെ നിയമിക്കാനുള്ള നടപടി ചട്ടവിരുദ്ധമാണ്. അവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാനുള്ള യോഗ്യതപോലുമില്ല. പരാതിയിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയായതിനാലാണ് സ്റ്റേ ചെയ്തത്. യുജിസി ചട്ടപ്രകാരമുള്ള അധ്യാപന പരിചയം അവർക്കില്ല. രേഖകൾ പരിശോധിച്ച് ഹിയറിംഗ് നടത്തിയശേഷം തുടർനടപടിയെടുക്കുമെന്നും ഗവർണർ പറഞ്ഞു